​ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമായ 'പോക്കറ്റ് നോവലി'ൽ ഇളയരാജയ്ക്ക് പകരം ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കും. ഏറെ നാളുകളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

​ജി.വി. പ്രകാശ് നൃത്തം ചെയ്യുന്ന പ്രത്യേക പ്രഖ്യാപന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നിർമ്മാതാക്കൾ ഈ മാറ്റം സ്ഥിരീകരിച്ചത്. "ഇതൊരു അഭ്യൂഹമല്ല, ഔദ്യോഗികമാണ്" എന്ന കുറിപ്പോടെയാണ് വീഡിയോ പുറത്തിറക്കിയത്.

'സൂപ്പർ ഡീലക്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

എന്നാൽ, ഇളയരാജയ്ക്ക് പകരം ജി.വി. പ്രകാശിനെ ഉൾപ്പെടുത്തിയതിന്റെ കാരണം അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.

​വിജയ് സേതുപതിക്ക് പുറമെ മാളവിക മോഹനൻ, കിഷോർ, കന്നഡ താരം രാജ് ബി. ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതായും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും അണിയറപ്രവർത്തകർ അറിയിച്ചു. തമിഴ്, കന്നഡ ഉൾപ്പെടെ നാല് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.