സൂറിച്ച്: രക്തത്തിലെ അധിക ഗ്ലൂക്കോസ് രാസപ്രക്രിയയിലൂടെ മാറ്റി പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുന്ന ഇലക്ട്രോണിക് ഇംപ്ലാന്റ് വികസിപ്പിച്ച് സ്വിറ്റ്സർലൻഡിലെ ഇ.ടി.എച്ച്. സൂറിച്ചിലെ ഗവേഷകർ. ടൈപ്പ് ടു പ്രമേഹത്തിനുള്ള പുതിയ ചികിത്സാസാധ്യതയായി വികസിപ്പിക്കുന്ന സംവിധാനം ലബോറട്ടറിയിലും എലികളിലും നടത്തിയ പരീക്ഷണങ്ങളിൽ ഫലപ്രാപ്തി പ്രകടിപ്പിച്ചു. മനുഷ്യരിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ല.

പ്രൊഫസർ മാർട്ടിൻ ഫുസ്‌നെഗറുടെ നേതൃത്വത്തിലുള്ള സംഘമാണ് സംവിധാനം വികസിപ്പിച്ചത്. വൈദ്യുതോർജത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക ഉൽപ്രേരകം ഗ്ലൂക്കോസിനെ ഗ്ലൂക്കോണേറ്റ് എന്ന പദാർഥമാക്കി മാറ്റുന്നു. ഇത് പിന്നീട് മൂത്രത്തിലൂടെ പുറത്തുപോകുന്നു. കോശങ്ങളോ എൻസൈമുകളോ ആവശ്യമില്ലാത്ത രീതിയിലാണ് ഉൽപ്രേരകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗ്ലൂക്കോസ് സെൻസർ പഞ്ചസാരയുടെ അളവ് നിരന്തരം നിരീക്ഷിക്കും. അളവ് ഉയരുമ്പോൾ സ്മാർട്ട്‌ഫോണിലേക്കോ സ്മാർട്ട്‌വാച്ചിലേക്കോ സന്ദേശമയയ്ക്കുകയും അതുവഴി ഇംപ്ലാന്റ് പ്രവർത്തിപ്പിക്കുകയും ചെയ്യും. പഞ്ചസാര ആവശ്യമായ നിലയിലേക്കു താഴുമ്പോൾ സംവിധാനം സ്വയം പ്രവർത്തനം അവസാനിപ്പിക്കുന്നതാണ് രൂപകൽപ്പന.

പ്രമേഹമുള്ള എലികളിൽ ആറാഴ്ചക്കാലം സംവിധാനം വിശ്വസനീയമായി പ്രവർത്തിച്ചതായി ഗവേഷകർ അറിയിച്ചു. അടുത്ത ഘട്ടത്തിൽ ഇതിനെ മനുഷ്യരിൽ ഉപയോഗിക്കാവുന്ന മെഡിക്കൽ ഉപകരണമായി വികസിപ്പിക്കാനാണ് ലക്ഷ്യം.