ശങ്കറിന്റെ സംവിധാനത്തിൽ രാം ചരൺ നായകനായി പുറത്തിറങ്ങിയ 'ഗെയിം ചേഞ്ചർ' എന്ന ചിത്രത്തിന്റെ കഥയിൽ വന്ന മാറ്റങ്ങളെക്കുറിച്ചുള്ള നിർണായക വെളിപ്പെടുത്തലുകളുമായി സംവിധായകൻ കാർത്തിക് സുബ്ബരാജ് രംഗത്ത്.
രാം ചരണിനെ പോലുള്ള ഒരു മുൻനിര താരത്തിനും വൻ ബജറ്റിനുമനുസരിച്ചാണ് ശങ്കർ തന്റെ യഥാർത്ഥ കഥയിൽ വലിയ മാറ്റങ്ങൾ വരുത്തിയതെന്ന് കാർത്തിക് സുബ്ബരാജ് വ്യക്തമാക്കി.
താൻ ആദ്യം തയാറാക്കിയ വൺ-ലൈൻ കഥയിൽ മധുര കേന്ദ്രീകരിച്ചുള്ള ഒരു ഗ്യാങ്സ്റ്റർ പശ്ചാത്തലവും ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംവിധാനത്തിന്റെ തിരക്കിലായിരുന്നതിനാൽ താൻ കഥ മാത്രമാണ് ശങ്കറിന് കൈമാറിയതെന്നും തിരക്കഥയെഴുതാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്കുമാർ റാവുവിന്റെ 'ന്യൂട്ടൻ' സിനിമയുടെ മാതൃകയിൽ, വ്യവസ്ഥിതി മാറ്റാൻ ശ്രമിക്കുന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ റിയലിസ്റ്റിക് പശ്ചാത്തലത്തിലുള്ള കഥയായിരുന്നു താൻ ആദ്യം നൽകിയതെന്നും എന്നാൽ സിനിമയിലേക്ക് എത്തിയപ്പോൾ അത് പൂർണ്ണമായും മാറിമറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിൽ നിരവധി എഴുത്തുകാരും സംവിധായകൻ ശങ്കറും ചേർന്ന് തിരക്കഥയിലും കഥയിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും സിനിമ തിയേറ്ററുകളിൽ എത്തിയപ്പോഴാണ് അതിന്റെ വ്യാപ്തി തനിക്ക് മനസ്സിലായതെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു.
എങ്കിലും ശങ്കറിനെപ്പോലെയുള്ള ഒരു ഇതിഹാസ സംവിധായകൻ തന്റെ കഥ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
വലിയ പ്രതീക്ഷകളോടെയെത്തി സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രത്തിന്റെ പിന്നാമ്പുറ കഥകളിലെ ഈ വെളിപ്പെടുത്തലുകൾ ഇപ്പോൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.