ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നവംബർ 14 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ജിദ്ദ, റിയാദ്, ദമ്മാം എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.
മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. നേരത്തെ റിയാദ്, ദമ്മാം സർവീസുകൾ നവംബർ ഏഴ് വരെയും ജിദ്ദ സർവീസുകൾ ഒക്ടോബർ 31 വരെയുമാണ് റദ്ദാക്കിയിരുന്നത്. പുതിയ തീരുമാനത്തോടെ സൗദിയിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് പ്രതിസന്ധി തുടരുകയാണ്.
ഒക്ടോബർ 30നോ അതിന് മുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത, നവംബർ 14 വരെയുള്ള യാത്രക്കാർക്ക് ചില നിബന്ധനകൾക്ക് വിധേയമായി ഒരുതവണ സൗജന്യമായി യാത്രാ തീയതി മാറ്റാം. നവംബർ 29നകം യാത്ര പൂർത്തിയാക്കുന്ന രീതിയിൽ സീറ്റുകളുടെ ലഭ്യത അനുസരിച്ചായിരിക്കും പുനഃക്രമീകരണം. യാത്ര റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും.
എയർ ഇന്ത്യ യാത്രക്കാർക്ക് സൗദിയിലെ സർവീസ് തുടരുന്ന മറ്റ് എയർ ഇന്ത്യ കേന്ദ്രങ്ങളിലേക്ക് യാത്ര പുനഃക്രമീകരിക്കാം. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് സൗദിയിലെ മറ്റ് പ്രവർത്തനക്ഷമമായ കേന്ദ്രങ്ങളിലേക്കോ ബഹ്റൈനിലേക്കോ യാത്ര മാറ്റാനുള്ള സൗകര്യവുമുണ്ട്.
അതേസമയം, ഇൻഡിഗോയും സൗദിയിലേക്കുള്ള ചില സർവീസുകൾ നവംബർ 14 വരെ റദ്ദാക്കിയിട്ടുണ്ട്. ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 10 വരെയും റിയാദിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയും ആകാശ എയറും നിർത്തിവെച്ചിട്ടുണ്ട്.
സൗദിയിലെ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളും പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷവുമാണ് വിമാന സർവീസുകളെ ബാധിക്കുന്നത്. സാഹചര്യം വിലയിരുത്തി സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് വിമാനക്കമ്പനികളുടെ നടപടി.
വിമാന സർവീസുകൾ മുടങ്ങിയതോടെ സൗദിയിലേക്കും ഇന്ത്യയിലേക്കും യാത്ര ചെയ്യാനിരുന്ന പ്രവാസികൾ, ഉംറ തീർഥാടകർ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലാണ്.