കുവൈത്ത് സിറ്റി: ശൈഖ് സബാഹ് അൽ അഹമ്മദ് വൃക്ക–മൂത്രാശയ രോഗ ചികിത്സാ കേന്ദ്രത്തിൽ ഇതുവരെ 2,000ത്തിലധികം റോബോട്ടിക് ശസ്ത്രക്രിയകൾ നടത്തിയതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. കുവൈത്ത് യൂറോളജിക്കൽ അസോസിയേഷന്റെ പത്തൊൻപതാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോബോട്ടിക് ശസ്ത്രക്രിയാരംഗത്തെ ദേശീയ മെഡിക്കൽ സംഘങ്ങളുടെ നേട്ടങ്ങളെ മന്ത്രി അഭിനന്ദിച്ചു. 2024 ഡിസംബറിൽ കേന്ദ്രം വിദൂര നിയന്ത്രിത റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിൽ ബന്ധിപ്പിച്ചുള്ള 12 ശസ്ത്രക്രിയകളും കുവൈത്തിനകത്തെ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചുള്ള മൂന്ന് ശസ്ത്രക്രിയകളും നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഗുണനിലവാരവും ഉറപ്പാക്കി ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ് ഈ നേട്ടമെന്നും മന്ത്രി പറഞ്ഞു.
മൂത്രാശയ–മൂത്രനാളി രോഗങ്ങളെ നേരിടാൻ ചികിത്സാസ്ഥാപനങ്ങളും സാമൂഹിക സംഘടനകളും ഏകോപിച്ച് പ്രവർത്തിക്കണം. ചികിത്സയ്ക്കൊപ്പം ആരോഗ്യബോധവത്കരണം, രോഗപ്രതിരോധം, പ്രായത്തിനും രോഗസാധ്യതകൾക്കും അനുയോജ്യമായ പരിശോധനകൾ എന്നിവയ്ക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടുദിവസത്തെ സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ഡോക്ടർമാരും ഗവേഷകരും വിദഗ്ധരും പങ്കെടുക്കുന്നു. പുരുഷ വന്ധ്യത, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പവർധനയ്ക്കുള്ള നൂതന ചികിത്സകൾ, റോബോട്ടിക്–എൻഡോസ്കോപ്പിക് ശസ്ത്രക്രിയകൾ എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങളെന്ന് അസോസിയേഷൻ പ്രസിഡന്റും സമ്മേളന അധ്യക്ഷനുമായ ഡോ. ഫൈസൽ അൽ ഹാജിരി അറിയിച്ചു. ഖത്തർ, ബഹ്റൈൻ, യുഎഇ, ഈജിപ്ത്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.