ക്യുപെർട്ടിനോ: ടച്ച് സ്‌ക്രീൻ സൗകര്യമുള്ള ആദ്യ മാക്ബുക്ക് പ്രോ അവതരിപ്പിച്ച് ആപ്പിൾ. പ്രൊലെഡ് എക്‌സ്‌ഡിആർ ഡിസ്‌പ്ലേയോടുകൂടിയ പുതിയ ലാപ്‌ടോപ്പുകൾ 14, 16 ഇഞ്ച് പതിപ്പുകളിൽ ലഭ്യമാകും. ഒക്ടോബർ 28 മുതൽ മുൻകൂർ ബുക്കിങ് ആരംഭിച്ച ഉപകരണങ്ങൾ നവംബർ ആറുമുതൽ ഉപഭോക്താക്കൾക്ക് ലഭിക്കും.

ടാൻഡം ഒഎൽഇഡി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്‌ക്രീനിൽ വിരലുകൾ ഉപയോഗിച്ച് പേജുകൾ സ്‌ക്രോൾ ചെയ്യാനും ചിത്രങ്ങൾ വലുതാക്കാനും ഉള്ളടക്കങ്ങൾ നീക്കാനും കഴിയും. കീബോർഡും ട്രാക്ക്പാഡും ഉപയോഗിക്കുന്നതിനൊപ്പം ടച്ച് സൗകര്യവും പ്രയോജനപ്പെടുത്താം. ഫോട്ടോഗ്രഫി, വീഡിയോ എഡിറ്റിങ്, ഗ്രാഫിക് ഡിസൈൻ, സംഗീത നിർമാണം തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

എം5 പ്രോ, എം5 മാക്സ് ചിപ്പുകളാണ് പുതിയ മോഡലുകളുടെ കരുത്ത്. പരമാവധി 24 മണിക്കൂർ ബാറ്ററി പ്രവർത്തനക്ഷമതയും 128 ജിബി വരെ ഏകീകൃത മെമ്മറിയും 16 ടിബി വരെ സംഭരണശേഷിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

അമേരിക്കയിൽ എം5 പ്രോ ചിപ്പോടുകൂടിയ 14 ഇഞ്ച് പതിപ്പിന്റെ പ്രാരംഭവില 2,899 ഡോളറാണ്. 16 ഇഞ്ച് എം5 പ്രോ പതിപ്പിന് 3,399 ഡോളർ മുതലാണ് വില.