ന്യൂഡൽഹി: വോട്ടുകൊള്ള ആരോപണത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും പാർലമെന്റിൽ സംവാദത്തിന് വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ടർമാരുടെ പട്ടികയിലെ ക്രമക്കേടുകൾ ഉന്നയിച്ച് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്കിടെയാണ് അമിത് ഷായുടെ വെല്ലുവിളി.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് വോട്ടുകൊള്ള ആരോപണങ്ങൾ ചർച്ച ചെയ്യാൻ ബിജെപി പൂർണ സജ്ജമാണെന്ന് അമിത് ഷാ വ്യക്തമാക്കി. ആരോപണങ്ങൾ ഉന്നയിക്കുന്നവർ പാർലമെന്റിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ ലഖ്നൗവിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിയാന, മഹാരാഷ്ട്ര, ബിഹാർ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾ ചൂണ്ടിക്കാട്ടിയ അമിത് ഷാ, തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പ്രതിപക്ഷം പരാജയത്തിന് കാരണം തെരഞ്ഞെടുപ്പ് ക്രമക്കേടുകളാണെന്ന് ആരോപിക്കുകയാണെന്നും കുറ്റപ്പെടുത്തി.
മത്സരത്തിൽ തോൽക്കുന്നവർ കൂടുതൽ പരിശീലനം നടത്തുന്നതിന് പകരം അമ്പയറെയാണ് കുറ്റപ്പെടുത്തുന്നതെന്ന ഉപമയിലൂടെയും രാഹുൽ ഗാന്ധിക്കെതിരെ അദ്ദേഹം പരിഹാസമുയർത്തി. രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നതിന് പകരം വോട്ടുകൾ മോഷ്ടിച്ചെന്ന ആരോപണം ഉന്നയിക്കുകയാണെന്നും ഷാ പറഞ്ഞു.
അതേസമയം, നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ വൻ പ്രതിഷേധ റാലിക്ക് ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ നടപടിയും പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.
വോട്ടവകാശവും ഭരണഘടനയും സംരക്ഷിക്കാനാണ് പ്രതിപക്ഷം ഒന്നിച്ച് രംഗത്തിറങ്ങുന്നതെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ വോട്ടുകൊള്ള ആരോപണത്തെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ ശക്തമാകുകയാണ്.