ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പുതിയ വൈസ് ചീഫായി എയർ മാർഷൽ ഇന്ദർപാൽ സിങ് വാലിയയെ നിയമിച്ചു. നവംബർ ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. നിലവിൽ ഈസ്റ്റേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.
നിലവിലെ വൈസ് ചീഫ് എയർ മാർഷൽ അശുതോഷ് ദീക്ഷിത്തിന് പകരമായാണ് വാലിയ ചുമതലയേൽക്കുന്നത്. ഒക്ടോബർ 31ന് അശുതോഷ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി ചുമതലയേൽക്കും.
നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവവിദ്യാർഥിയായ ഇന്ദർപാൽ സിങ് വാലിയ 1988 ജൂൺ 11നാണ് വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. മിഗ്-21, മിഗ്-23, മിഗ്-27, ജാഗ്വാർ, സുഖോയ്-30 എംകെഐ തുടങ്ങിയ യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ അദ്ദേഹം വൈദഗ്ധ്യം നേടിയിട്ടുണ്ട്.
ഏകദേശം നാല് പതിറ്റാണ്ട് നീളുന്ന ഔദ്യോഗിക ജീവിതത്തിൽ നിരവധി സുപ്രധാന കമാൻഡ്, സ്റ്റാഫ് പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഫ്രണ്ട്ലൈൻ ഫൈറ്റർ സ്ക്വാഡ്രണിന്റെയും ടാക്ടിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെയും (TACDE) കമാൻഡറായും ബറേലിയിലെ വ്യോമസേനാ താവളത്തിന്റെ എയർ ഓഫീസർ കമാൻഡിങ്ങായും പ്രവർത്തിച്ചിട്ടുണ്ട്.
ബ്രിട്ടനിൽ അഡ്വാൻസ്ഡ് കമാൻഡ് ആൻഡ് സ്റ്റാഫ് കോഴ്സും ബംഗ്ലാദേശിൽ നാഷണൽ ഡിഫൻസ് കോളേജ് പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്. ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഇന്ത്യൻ എംബസികളിൽ പ്രതിരോധ അറ്റാഷെയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രതിരോധ-തന്ത്രപഠനങ്ങളിൽ മൂന്ന് ബിരുദാനന്തര ബിരുദങ്ങളും അദ്ദേഹത്തിനുണ്ട്.
സേവനമികവിന് 2008ൽ വായുസേനാ മെഡലും 2018ൽ അതിവിശിഷ്ട സേവാ മെഡലും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.