ന്യൂയോർക്ക്: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധികൾ മാനിക്കണമെന്നും അന്താരാഷ്ട്ര നിയമം വിവേചനവും ഇരട്ടത്താപ്പുമില്ലാതെ നടപ്പാക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിലൂടെയാണ് അന്താരാഷ്ട്ര സംവിധാനത്തിന്റെ വിശ്വാസ്യതയും നീതിയുടെ അടിസ്ഥാനതത്ത്വങ്ങളും സംരക്ഷിക്കാനാകുകയെന്ന് കുവൈത്ത് വ്യക്തമാക്കി.
കോടതിയുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭ പൊതുസഭാ ചർച്ചയിൽ കുവൈത്തിന്റെ പ്രസ്താവന അവതരിപ്പിച്ച നയതന്ത്ര അറ്റാഷെ ഈലാഫ് അൽ സബ്റാണ് നിലപാട് വിശദീകരിച്ചത്. രാജ്യങ്ങൾ തമ്മിലുള്ള നിയമതർക്കങ്ങൾ പരിഹരിക്കുന്നതിലും ഉപദേശകാഭിപ്രായങ്ങൾ നൽകുന്നതിലും ഐക്യരാഷ്ട്രസഭയുടെ പ്രധാന നീതിന്യായ സ്ഥാപനമായ കോടതിക്ക് നിർണായക പങ്കുണ്ടെന്ന് അവർ പറഞ്ഞു.
വിധികളും ഉപദേശകാഭിപ്രായങ്ങളും പുറപ്പെടുവിക്കുന്നതിൽ മാത്രമല്ല അന്താരാഷ്ട്ര നീതിന്യായ സംവിധാനത്തിന്റെ മൂല്യം. അവ മാനിക്കുകയും അതിലൂടെ ഉണ്ടാകുന്ന നിയമപരമായ ബാധ്യതകൾ പാലിക്കുകയും ചെയ്യുന്നതിലാണ് അതിന്റെ യഥാർഥ പ്രസക്തിയെന്നും അവർ ചൂണ്ടിക്കാട്ടി.
പലസ്തീൻ വിഷയത്തിൽ, അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേലിന്റെ തുടർസാന്നിധ്യം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ 2024 ജൂലൈയിലെ കോടതിയുടെ ഉപദേശകാഭിപ്രായത്തിന്റെ പ്രാധാന്യം കുവൈത്ത് എടുത്തുപറഞ്ഞു.
അധിനിവേശ പ്രദേശങ്ങളിലെ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2025 ഒക്ടോബറിൽ കോടതി നൽകിയ ഉപദേശകാഭിപ്രായത്തെയും കുവൈത്ത് സ്വാഗതം ചെയ്തു. മാനുഷിക സഹായം സുഗമമാക്കുന്നതിനും പലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ. ഏജൻസിയായ ‘ഉൻറവ’ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിനുമുള്ള ബാധ്യതകൾ പാലിക്കണം.
കോടതിയുടെ സ്ഥാനവും വിധികളോടുള്ള ബഹുമാനവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കുവൈത്ത് പിന്തുണ ആവർത്തിച്ചു. കൂടുതൽ നീതിപൂർവവും സ്ഥിരതയുള്ളതുമായ ലോകക്രമത്തിന് അന്താരാഷ്ട്ര നിയമത്തോടുള്ള ആദരവ് അനിവാര്യമാണെന്നും ഈലാഫ് അൽ സബ്റ് വ്യക്തമാക്കി.