കുവൈത്ത് സിറ്റി: അപ്പൻഡിക്സ് ഉപയോഗിച്ച് മൂത്രവാഹിനിയിലെ സങ്കീർണമായ ചുരുക്കം പരിഹരിക്കുന്ന അപൂർവ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ അദാൻ ആശുപത്രിയിൽ വിജയകരമായി നടത്തി. ആശുപത്രിയിലെ യൂറോളജി ശസ്ത്രക്രിയാ വിഭാഗമാണ് നേട്ടം കൈവരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വലതുവശത്തെ മൂത്രവാഹിനിയുടെ താഴ്ഭാഗത്ത് സങ്കീർണമായ ചുരുക്കമുണ്ടായിരുന്ന ഇരുപതുകളിൽ പ്രായമുള്ള കുവൈത്ത് സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്. വൃക്കയിൽനിന്ന് മൂത്രാശയത്തിലേക്ക് മൂത്രം എത്തിക്കുന്ന നാളിയാണ് മൂത്രവാഹിനി അഥവാ യൂറീറ്റർ.

‘ലാപ്രോസ്കോപ്പിക് അപ്പൻഡിസിയൽ ഓൺലേ യൂറീറ്ററോപ്ലാസ്റ്റി’ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചുരുങ്ങിയ ഭാഗം പുനർനിർമിച്ചത്. മൂത്രത്തിന്റെ സുഗമമായ ഒഴുക്ക് പുനഃസ്ഥാപിക്കുകയും വൃക്കയുടെ പ്രവർത്തനം സംരക്ഷിക്കുകയുമാണ് ചികിത്സയുടെ ലക്ഷ്യം. ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില മെച്ചപ്പെട്ട രോഗി മൂന്നാം ദിവസം ആശുപത്രി വിട്ടു.

യൂറോളജി കൺസൾട്ടന്റുമാരായ ഡോ. അഹമ്മദ് ഹറാസ്, ഡോ. ഫൈസൽ ഹാദി അൽ ഹാജിരി എന്നിവരുടെ നേതൃത്വത്തിൽ ഡോ. അലി അൽ മുഅ്മിന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ഇബ്തിസാം അൽ ബദ്റിന്റെയും യൂറോളജി വിഭാഗം മേധാവി ഡോ. അബ്ദുറഹ്മാൻ അൽ കന്ദരിയുടെയും പിന്തുണയോടെയായിരുന്നു നടപടി.

സങ്കീർണ രോഗാവസ്ഥകൾക്കുള്ള നൂതന ചികിത്സകൾ രാജ്യത്തിനകത്ത് ലഭ്യമാക്കുന്നതിലും വിദഗ്ധ ശസ്ത്രക്രിയാ സേവനങ്ങൾ വികസിപ്പിക്കുന്നതിലും നേട്ടം പ്രാധാന്യമർഹിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.