കുവൈത്ത് സിറ്റി: രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നത് ദേശീയ ഉത്തരവാദിത്വമാണെന്നും നിരന്തര ജാഗ്രതയും പരമാവധി സജ്ജതയും ഉറപ്പാക്കണമെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് നിർദേശിച്ചു. സാൽമി, അബ്ദലി അതിർത്തി കവാടങ്ങളിലും വടക്കൻ മേഖലയിലെ 19 അതിർത്തി സുരക്ഷാ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയ്ക്കിടെയാണ് നിർദേശം.
പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു. വടക്കൻ അതിർത്തിയിലെ ഉദ്യോഗസ്ഥർക്ക് രാജ്യനേതൃത്വത്തിന്റെ ആശംസകളും സേവനത്തിനുള്ള അഭിനന്ദനവും അദ്ദേഹം കൈമാറി. ഓപ്പറേഷൻസ് റൂം സന്ദർശിച്ച് പ്രവർത്തനസജ്ജത വിലയിരുത്തിയ മന്ത്രി, ഉദ്യോഗസ്ഥരുടെ അച്ചടക്കത്തെയും ഉത്തരവാദിത്വബോധത്തെയും പ്രശംസിച്ചു.
രാജ്യസുരക്ഷ ഉറപ്പാക്കാൻ സൈനിക–സുരക്ഷാ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാൽമി അതിർത്തി കവാടത്തിലെ നിർമാണ–വികസന പ്രവർത്തനങ്ങളും കുവൈത്തിൽ നടക്കുന്ന സൗദി സൂപ്പർ കപ്പ് മത്സരങ്ങൾക്കെത്തുന്ന ആരാധകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും മന്ത്രി വിലയിരുത്തി. പ്രവൃത്തികളുടെ പൂർത്തീകരണം ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും നിർദേശിച്ചു.
അബ്ദലി കവാടത്തിൽ വികസന പ്രവർത്തനങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും പരിശോധിച്ചു. സുരക്ഷാ ആവശ്യകതകൾ പാലിച്ചുകൊണ്ട് പ്രവേശന–പുറപ്പെടൽ നടപടികൾ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരുടെ നീക്കം സുഗമമാക്കുന്നതിനുമാണ് പ്രാധാന്യം നൽകേണ്ടതെന്ന് വ്യക്തമാക്കി.
കര അതിർത്തി കവാടങ്ങൾ സന്ദർശകർക്ക് കുവൈത്തിനെക്കുറിച്ചുള്ള ആദ്യ അനുഭവം നൽകുന്ന ഇടങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സൗകര്യങ്ങളുടെ സജ്ജത, നടപടികളുടെ വേഗം, യാത്രക്കാർക്കുള്ള സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തണമെന്നും അതിഥികളെ സ്വീകരിക്കുന്നത് കൂട്ടുത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.