ന്യൂയോർക്ക്: ബഹിരാകാശം സമാധാനത്തിനും ശാസ്ത്രപുരോഗതിക്കും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള മേഖലയായി നിലനിൽക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ശാസ്ത്രീയമോ സാമ്പത്തികമോ ആയ പുരോഗതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനമില്ലാതെ എല്ലാ രാജ്യങ്ങൾക്കും ബഹിരാകാശ ഗവേഷണത്തിന്റെ പ്രയോജനം ലഭിക്കണമെന്നും കുവൈത്ത് വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗത്തിനുള്ള അന്താരാഷ്ട്ര സഹകരണം സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു കുവൈത്ത് നയതന്ത്ര അറ്റാഷെ മുഹമ്മദ് അൽ മുല്ല. മനുഷ്യരാശിയുടെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ ബഹിരാകാശത്തിന്റെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ബഹിരാകാശ ഗവേഷണരംഗത്തെ കുവൈത്തിന്റെ മുന്നേറ്റങ്ങളും അൽ മുല്ല വിശദീകരിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ മുൻകൈയിൽ 2024 സെപ്റ്റംബറിൽ ദേശീയ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള പ്രഖ്യാപനം നടത്തിയത് സുപ്രധാന ചുവടുവെപ്പാണ്. ഗവേഷണം, വിദ്യാഭ്യാസം, സാങ്കേതിക നവീകരണം എന്നിവയിൽ ദേശീയ ശേഷി വർധിപ്പിക്കാൻ ഇത് സഹായിക്കും.

ദേശീയ ബഹിരാകാശ ഗവേഷണ കേന്ദ്രത്തെ പ്രതിനിധീകരിച്ച് 2026 മാർച്ചിൽ കുവൈത്ത് അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ സമിതിയായ ‘കോസ്പാറി’ൽ ചേർന്നതായും അദ്ദേഹം അറിയിച്ചു. ഉപഗ്രഹ വിവരങ്ങളും വിദൂര സംവേദന സാങ്കേതികവിദ്യയും പരിസ്ഥിതി പഠനങ്ങൾക്കായി കുവൈത്ത് ശാസ്ത്ര ഗവേഷണ സ്ഥാപനം ഉപയോഗിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, മണൽക്കാറ്റുകൾ, സമുദ്ര–കര പരിസ്ഥിതി എന്നിവയുടെ നിരീക്ഷണത്തിനാണ് ഇവ പ്രയോജനപ്പെടുത്തുന്നത്.

ബഹിരാകാശ മാലിന്യവും ഭ്രമണപഥങ്ങളിലെ തിരക്കും ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ അന്താരാഷ്ട്ര ഏകോപനം ശക്തമാക്കണം. വികസ്വര രാജ്യങ്ങൾക്ക് സാങ്കേതിക സഹായവും പരിശീലനവും നൽകുന്നതിനൊപ്പം ശാസ്ത്ര പങ്കാളിത്തവും അറിവിന്റെ കൈമാറ്റവും വിപുലീകരിക്കണമെന്നും അൽ മുല്ല ആവശ്യപ്പെട്ടു.