തമിഴ് സിനിമയുടെ ഇതിഹാസ സംവിധായകനും മികച്ച നടനുമായ ഭാരതിരാജയുടെ അവസാന ചിത്രമെന്ന പ്രത്യേകതയോടെ തിയേറ്ററുകളിലെത്തിയ 'പുലവർ' പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന മികച്ചൊരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി മാറിയിരിക്കുകയാണ്.
മുരുകൈയ്യ സംവിധാനം ചെയ്ത ഈ ചിത്രം കുറ്റകൃത്യവും അതിന് പിന്നിലെ മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളും വളരെ വ്യത്യസ്തമായ ശൈലിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഒരു യുവതിയുടെ കൊലപാതകവും അതിനെത്തുടർന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേഹം.
കേസിൽ പ്രധാനമായും നാല് സംശയാസ്പദമായ വ്യക്തികളാണുള്ളത്. ഒരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് ഭാരതിരാജ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
പരമ്പരാഗതമായ തെളിവെടുപ്പുകൾക്കപ്പുറം മനുഷ്യന്റെ മനഃശാസ്ത്രവും പെരുമാറ്റരീതികളും സസൂക്ഷ്മം നിരീക്ഷിച്ച് നുണ പറയുന്നതാരെന്ന് കണ്ടെത്തുന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പ്രകടനം സിനിമയുടെ ഏറ്റവും വലിയ കരുത്താണ്.
തന്നിലെ നടന്റെ അപാരമായ അനുഭവ സമ്പത്തും ഭാവസാന്ദ്രതയും പൂർണ്ണമായി പുറത്തെടുത്താണ് ഭാരതിരാജ ഇതിലെ പോലീസ് ഓഫീസറെ ജീവസ്സുറ്റതാക്കിയത്.
ഭാരതിരാജയ്ക്കൊപ്പം റൈച്ചൽ റെബേക്ക, ഹലോ കന്തസാമി, രവിചന്ദ്രൻ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
പൂബാലം സെന്തിലിന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും അജ്മൽ ഖാന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നു. സമീർ ഭാരത് റാം, കാശി വിശ്വനാഥൻ എന്നിവർ ചേർന്ന് സൂപ്പർ ടാക്കീസ്, വൈറ്റ് നൈറ്റ്സ് എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
തീർത്തും പരീക്ഷണാത്മകവും എന്നാൽ ഉദ്വേഗജനകവുമായ കഥപറച്ചിൽ രീതിയാണ് മുരുകൈയ്യ എന്ന നവാഗത സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. ഭാരതിരാജ എന്ന മഹാനായ കലാകാരന് തമിഴ് സിനിമ നൽകുന്ന അർത്ഥവത്തായ യാത്രയപ്പ് കൂടിയാണ് 'പുലവർ' എന്ന ഈ ക്രൈം ത്രില്ലർ ചിത്രം.