മുംബൈ: ചരിത്രവും യുദ്ധാനുഭവങ്ങളും സ്ത്രീകളുടെ ജീവിതകഥകളും കോർത്തിണക്കി എസ്റ്റോണിയൻ സാഹിത്യത്തിന്റെ സവിശേഷതകൾ ലോകത്തിന് മുന്നിലെത്തിക്കുകയാണ് എഴുത്തുകാരി ലില്ലി ലൂക്ക്. രണ്ടാം ലോകമഹായുദ്ധത്തിന്റെയും സോവിയറ്റ് അധിനിവേശത്തിന്റെയും ചരിത്രപശ്ചാത്തലത്തിൽ സ്ത്രീകൾ നേരിട്ട ദുരനുഭവങ്ങൾ സാഹിത്യത്തിലൂടെ രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യമാണ് ലില്ലി ലൂക്ക് മുന്നോട്ടുവയ്ക്കുന്നത്.
2026-ലെ യൂറോപ്യൻ യൂണിയൻ സാഹിത്യ പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ട ലില്ലി ലൂക്കിന്റെ 'നൈറ്റ് മദർ' (Night Mother) എന്ന നോവൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷവും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ജീവിതമാണ് അവതരിപ്പിക്കുന്നത്. പ്രത്യേകിച്ച് ചരിത്രരേഖകളിൽ വേണ്ടത്ര ഇടം ലഭിക്കാത്ത സ്ത്രീകളുടെ അനുഭവങ്ങളാണ് കൃതിയുടെ പ്രധാന പ്രമേയം.
മുംബൈയിൽ നടന്ന ഗോഡ്റേജ് ലിറ്ററേച്ചർ ലൈവ്! സാഹിത്യോത്സവത്തിൽ എസ്റ്റോണിയൻ, യൂറോപ്യൻ സാഹിത്യത്തിന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനെത്തിയതായിരുന്നു ലില്ലി ലൂക്ക്. ചടങ്ങിനോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് എസ്റ്റോണിയൻ സാഹിത്യത്തിന്റെ വളർച്ചയെയും ചരിത്രത്തെയും കുറിച്ച് അവർ സംസാരിച്ചത്.
എസ്റ്റോണിയൻ ഭാഷയിൽ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ 500-ാം വാർഷികം കഴിഞ്ഞ വർഷം രാജ്യം ആഘോഷിച്ചതായി ലില്ലി ചൂണ്ടിക്കാട്ടി. സംസാരിക്കുന്നവരും വായിക്കുന്നവരും താരതമ്യേന കുറവുള്ള ഭാഷയാണെങ്കിലും എസ്റ്റോണിയൻ സാഹിത്യത്തിന്റെ നിലവാരം ഉയർന്നതാണെന്നും സമകാലിക സാഹിത്യരംഗത്ത് നിരവധി വനിതാ എഴുത്തുകാർ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
എസ്റ്റോണിയൻ സാഹിത്യത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ആൻഡ്രസ് കിവിറാഹ്കിന്റെ 'ദ മാൻ ഹൂ സ്പോക്ക് സ്നേക്കിഷ്' എന്ന പുസ്തകം മികച്ച തുടക്കമായിരിക്കുമെന്ന് ലില്ലി അഭിപ്രായപ്പെട്ടു. കാരോലിന പിഹെൽഗാസിന്റെ 'കട്ട് ലൈൻ', ആന്റൺ ഹാൻസൻ ടാംസാരെയുടെ 'ട്രൂത്ത് ആൻഡ് ജസ്റ്റിസ്' തുടങ്ങിയ കൃതികളും അവർ ശുപാർശ ചെയ്തു.
യുദ്ധചരിത്രത്തിൽ സ്ത്രീകളുടെ അനുഭവങ്ങൾക്കും ഇടം വേണം
രണ്ടാം ലോകമഹായുദ്ധവും സോവിയറ്റ് അധിനിവേശവും എസ്റ്റോണിയൻ സാഹിത്യത്തെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് ലില്ലി പറഞ്ഞു. മുൻകാലങ്ങളിൽ ഈ ചരിത്രസംഭവങ്ങളെക്കുറിച്ച് കൂടുതലായും പുരുഷ എഴുത്തുകാരാണ് എഴുതിയിരുന്നത്. എന്നാൽ യുദ്ധവും അധിനിവേശവും സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നത് കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്നാണ് തന്റെ നിലപാടെന്നും അവർ വ്യക്തമാക്കി.
യുദ്ധങ്ങളിൽ നേരിട്ട് പോരാട്ടത്തിനിറങ്ങുന്ന പുരുഷന്മാർക്കൊപ്പം സ്ത്രീകളും കുട്ടികളും വലിയ ദുരിതങ്ങളാണ് അനുഭവിക്കുന്നത്. എന്നാൽ അവരുടെ അനുഭവങ്ങൾ പലപ്പോഴും ചരിത്രരേഖകളിൽ വേണ്ടത്ര പ്രതിഫലിക്കാറില്ല. ഇത്തരം ജീവിതാനുഭവങ്ങൾ അംഗീകരിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ലില്ലി അഭിപ്രായപ്പെട്ടു.
ചരിത്രം സംരക്ഷിക്കുന്നതിൽ സാഹിത്യത്തിന് നിർണായക പങ്ക്
വിവരങ്ങൾ നിരന്തരം സൃഷ്ടിക്കപ്പെടുകയും പ്രചരിക്കുകയും മറക്കപ്പെടുകയും ചെയ്യുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ ചരിത്രത്തെ ആഴത്തിൽ മനസ്സിലാക്കാൻ സാഹിത്യത്തിന് വലിയ പങ്കുണ്ടെന്ന് ലില്ലി പറഞ്ഞു.
വായന മനുഷ്യനെ തിരക്കുകളിൽനിന്ന് മാറ്റിനിർത്തി ചിന്തിക്കാനും അനുഭവങ്ങളെ ആഴത്തിൽ മനസ്സിലാക്കാനും സഹായിക്കുന്നു. ഡിജിറ്റൽ ലോകം എത്രത്തോളം വികസിച്ചാലും പുസ്തകങ്ങളും വായനയും അപ്രത്യക്ഷമാകില്ലെന്നാണ് തന്റെ വിശ്വാസമെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു രാജ്യത്തിന്റെ സംസ്കാരത്തിലും ചരിത്രത്തിലും വേരൂന്നിയ കഥകൾക്ക് ഭാഷയുടെയും അതിർത്തികളുടെയും പരിമിതികൾ മറികടന്ന് ലോകമെമ്പാടുമുള്ള വായനക്കാരുമായി സംവദിക്കാനാകുമെന്നും മികച്ച വിവർത്തകർക്ക് അതിൽ നിർണായക പങ്കുണ്ടെന്നും ലില്ലി വ്യക്തമാക്കി.
'നൈറ്റ് മദർ' എന്ന കൃതിക്ക് ലഭിച്ച അന്താരാഷ്ട്ര ശ്രദ്ധയിൽ സന്തോഷമുണ്ടെങ്കിലും എഴുത്തുകാരി എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തവും അനുഭവപ്പെടുന്നുണ്ടെന്ന് അവർ പറഞ്ഞു. വ്യത്യസ്ത രാജ്യങ്ങളിലെ വായനക്കാർക്കും സ്വന്തം ചരിത്രത്തോടും ജീവിതാനുഭവങ്ങളോടും ഈ കൃതിയിൽ ബന്ധം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ സമകാലിക പശ്ചാത്തലത്തിലുള്ള ഒരു പുതിയ നോവലിന്റെ രചനയിലാണ് ലില്ലി ലൂക്ക്. പുതിയ കൃതിയിലും ചരിത്രത്തിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടുമെന്ന് അവർ അഭിമുഖത്തിൽ വെളിപ്പെടുത്തി.