മെഡിക്കൽ ഗവേഷണരംഗത്ത് നിർണായക മുന്നേറ്റവുമായി നിർമിതബുദ്ധി (എഐ).

അപസ്മാരം ബാധിച്ച ചുണ്ടെലിയുടെ തലച്ചോറിൽ ജീൻ തെറാപ്പി ചികിത്സ നടത്തുന്നതിനായി എഐ ഏജന്റ് സ്വയം ചികിത്സാരീതി തിരഞ്ഞെടുത്ത് ശസ്ത്രക്രിയാ റോബോട്ടിനെ നിയന്ത്രിച്ചു. എന്നാൽ ഉപകരണത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതോടെ മനുഷ്യ ഗവേഷകന്റെ നിർദേശം പോലും അംഗീകരിക്കാതെ ശസ്ത്രക്രിയ തുടരാൻ എഐ വിസമ്മതിച്ചതും ശ്രദ്ധേയമായി.

എക്സിൻ തെറാപ്പ്യൂട്ടിക്സ് (Exin Therapeutics) സഹസ്ഥാപകനും ഓക്സ്ഫഡ് പരിശീലനം നേടിയ ഗവേഷകനുമായ ഗബ്രിയേൽ ഒകാന-സാന്റേറോയാണ് (Gabriel Ocana-Santero) പരീക്ഷണത്തിന്റെ വിശദാംശങ്ങൾ സാമൂഹിക മാധ്യമമായ എക്സിലൂടെ പുറത്തുവിട്ടത്.

അപസ്മാരം ബാധിച്ച ചുണ്ടെലിയെയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ചികിത്സയ്ക്കായി 19 വ്യത്യസ്ത ജീൻ തെറാപ്പി സാധ്യതകൾ ഉൾപ്പെടുത്തിയ പട്ടികയും എഐ ഏജന്റിന് നൽകി. ശാസ്ത്രീയ പഠനങ്ങൾ പരിശോധിച്ച എഐ അനുയോജ്യമായ ചികിത്സ സ്വയം തിരഞ്ഞെടുത്തു. തലച്ചോറിലെ ഏത് ഭാഗത്താണ് മരുന്ന് കുത്തിവെക്കേണ്ടതെന്നും അതിനുള്ള കൃത്യമായ സ്ഥാനവും നിർണയിച്ചു.

തുടർന്ന് മോട്ടോർ നിയന്ത്രിത റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനത്തിന്റെ സഹായത്തോടെ ചികിത്സ നടപ്പാക്കി. ശസ്ത്രക്രിയയ്ക്കിടെ ക്യാമറയിലൂടെ നിരീക്ഷണം നടത്തുകയും രക്തസ്രാവത്തിന്റെ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു.

സാങ്കേതിക തകരാർ കണ്ടെത്തി; മനുഷ്യന്റെ നിർദേശവും നിരസിച്ചു

പരീക്ഷണത്തിനിടെ ശസ്ത്രക്രിയാ ഉപകരണത്തിന്റെ സ്ഥാനനിർണയത്തിൽ തകരാർ സംഭവിച്ചു. ഇതോടെ സുരക്ഷാ പരിശോധനയിൽ പ്രശ്നം കണ്ടെത്തിയ എഐ തുടർനടപടികളിൽ നിന്ന് പിന്മാറി.

മനുഷ്യ ഗവേഷകൻ വീണ്ടും ശ്രമിക്കാൻ നിർദേശിച്ചെങ്കിലും എഐ അതിന് തയ്യാറായില്ല. ഉപകരണത്തിന്റെ സ്ഥാനനിർണയത്തിലെ പിഴവ് പരിഹരിക്കാതെ മുന്നോട്ടുപോകുന്നത് സുരക്ഷിതമല്ലെന്നായിരുന്നു എഐയുടെ നിലപാട്.

തുടർന്ന് ഗവേഷകർ യന്ത്രത്തിന്റെ കോഡിൽ നേരിട്ട് തിരുത്തൽ വരുത്തിയാണ് പ്രശ്നം പരിഹരിച്ചത്. മനുഷ്യന്റെ നിർദേശത്തെക്കാൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകിയ എഐയുടെ നടപടി പരീക്ഷണത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘടകമായി.

പൂർണമായും എഐ നിയന്ത്രിച്ച ശസ്ത്രക്രിയയല്ല

അതേസമയം, ശസ്ത്രക്രിയ പൂർണമായും എഐയുടെ നിയന്ത്രണത്തിലായിരുന്നില്ല. ചുണ്ടെലിയുടെ തലയോട്ടി തുറക്കുന്ന പ്രാരംഭ ശസ്ത്രക്രിയയും മുറിവ് അടയ്ക്കുന്ന നടപടിയും മനുഷ്യ സർജനാണ് നിർവഹിച്ചത്.

ലൈസൻസുള്ള മൃഗഡോക്ടറുടെ മേൽനോട്ടത്തിലായിരുന്നു പരീക്ഷണം. തിരിച്ചെടുക്കാനാകാത്ത ഓരോ നിർണായക നടപടിക്കും മൃഗഡോക്ടറുടെ അനുമതി ആവശ്യമായിരുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ റോബോട്ടിക് സംവിധാനത്തിന്റെ പ്രവർത്തനം ഉടൻ നിർത്താനുള്ള സ്വിച്ച് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

പരീക്ഷണത്തിനുശേഷം ചുണ്ടെലി സുഖം പ്രാപിച്ചതായാണ് ഗവേഷകർ അറിയിച്ചത്. എന്നാൽ ചികിത്സയിലൂടെ അപസ്മാരത്തിന്റെ ആക്രമണങ്ങൾ കുറഞ്ഞോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

എല്ലാ എഐ മോഡലുകളും പരീക്ഷണത്തിന് തയ്യാറായില്ല

പരീക്ഷണത്തിൽ എല്ലാ എഐ മോഡലുകളും ഒരേ നിലപാടല്ല സ്വീകരിച്ചത്. ആന്ത്രോപിക്കിന്റെ ഒപസ് 5.5 (Opus 5.5) ജൈവപരീക്ഷണവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പിന്മാറി. ഒപസ് 5 (Opus 5) പ്രാഥമിക പരീക്ഷണം നടത്തിയെങ്കിലും തത്സമയ ശസ്ത്രക്രിയയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. എന്നാൽ സോണറ്റ് 5 (Sonnet 5) പരീക്ഷണവുമായി മുന്നോട്ടുപോയി.

വൈദ്യശാസ്ത്ര ഗവേഷണത്തിൽ എഐയുടെ സാധ്യതകൾ എത്രത്തോളം വിപുലമാകാമെന്നതിന്റെ സൂചനയാണ് ഈ പരീക്ഷണം നൽകുന്നത്. അതേസമയം, മനുഷ്യരുടെ മേൽനോട്ടവും കർശനമായ സുരക്ഷാ സംവിധാനങ്ങളും ഇത്തരം പരീക്ഷണങ്ങളിൽ അനിവാര്യമാണെന്നും സംഭവം വ്യക്തമാക്കുന്നു.