പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാർ ഉൾപ്പെട്ട എണ്ണക്കപ്പലിന് നേരെ സ്ഫോടകവസ്തു ആക്രമണം. 27 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച പനാമയുടെ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംടി ലൂയിസ് 1 (MT LOUISE 1) ആണ് ആക്രമണത്തിനിരയായത്. കപ്പലിന്റെ പുറംഭാഗത്ത് ഘടിപ്പിച്ചിരുന്ന രണ്ട് ലിംപെറ്റ് മൈനുകൾ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് എൻജിൻ മുറിയിൽ തീപിടിത്തമുണ്ടായി. കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ചെറിയൊരു ബോട്ട് ഉപയോഗിച്ച് കപ്പലിന്റെ പുറംഭാഗത്ത് രണ്ട് സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തെത്തുടർന്ന് കപ്പലിന്റെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടു. എന്നാൽ ജീവനക്കാർ തന്നെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കടലിൽ എണ്ണച്ചോർച്ചയോ മറ്റ് പാരിസ്ഥിതിക നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഒമാനിലെ ഖസബ് തീരത്തുനിന്ന് ഏകദേശം 46 കിലോമീറ്റർ വടക്കുകിഴക്കൻ ഭാഗത്താണ് ആക്രമണം നടന്നതെന്ന് ബ്രിട്ടന്റെ സമുദ്രസുരക്ഷാ ഏജൻസിയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) വ്യക്തമാക്കി. തീ നിയന്ത്രണവിധേയമാക്കിയതിനു പിന്നാലെ കപ്പൽ യാത്ര പുനരാരംഭിക്കുകയും ചെയ്തു.
29 ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ
ഇതിന് തൊട്ടുമുൻപുള്ള ദിവസമായ ഒക്ടോബർ 29നും ഹോർമുസ് കടലിടുക്കിൽ മറ്റൊരു എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായിരുന്നു. ലൈബീരിയൻ പതാകയുള്ള എംടി അർസന (MT ARZANAH) എന്ന വലിയ ക്രൂഡ് ഓയിൽ ടാങ്കറാണ് പ്രൊജക്ടൈൽ ആക്രമണത്തിനിരയായത്. രണ്ട് ഇന്ത്യൻ പൗരന്മാരാണ് ഈ കപ്പലിലുണ്ടായിരുന്നത്.
രണ്ട് സംഭവങ്ങളിലുമായി ആക്രമണത്തിനിരയായ കപ്പലുകളിലുണ്ടായിരുന്ന 29 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കപ്പൽ മാനേജ്മെന്റ് കമ്പനികളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘർഷം തുടങ്ങിയശേഷമുള്ള ആദ്യ വിജയകരമായ ലിംപെറ്റ് മൈൻ ആക്രമണം
ഫെബ്രുവരിയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിൽ ലിംപെറ്റ് മൈനുകൾ ഉപയോഗിച്ച് നടത്തിയ ആദ്യ വിജയകരമായ ആക്രമണമാണിതെന്നാണ് സമുദ്രസുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ. സെപ്റ്റംബറിലും സമാനമായ ആക്രമണശ്രമം നടന്നിരുന്നെങ്കിലും അന്ന് സ്ഫോടകവസ്തുക്കൾ പ്രവർത്തിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന് ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിക്കപ്പെടുന്ന കപ്പലുകൾക്കെതിരായ നടപടികളും മേഖലയിൽ സംഘർഷം വർധിപ്പിച്ചിട്ടുണ്ട്.
ലോകത്തെ പ്രധാന എണ്ണ-പ്രകൃതിവാതക വിതരണ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ ആക്രമണങ്ങൾ ആഗോള വ്യാപാരത്തെയും ഊർജവിപണിയെയും ആശങ്കയിലാഴ്ത്തുകയാണ്.
Image credit: routers