കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്), ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 30ന് ഫർവാനിയ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ രോഗം നേരത്തേ കണ്ടെത്തുന്നതിന്റെയും കൃത്യമായ പരിശോധനകളുടെയും പ്രാധാന്യം വിശദീകരിച്ചു.

പരിപാടിയിൽ ഡോ. ആദിത്യ രാജേന്ദ്രൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. തുടർന്ന് ഡോ. പുഷ്പലത സ്തനപരിശോധനയുടെ ആവശ്യകതയും ശരിയായ പരിശോധനാരീതിയും പ്രായോഗികമായി പരിചയപ്പെടുത്തി.

ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഹെഡ് ഓഫ് മാർക്കറ്റിംഗ് മോണ ഹസൻ സ്വാഗതം ആശംസിച്ച ബോധവൽക്കരണ ക്ലാസിൽ ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിനുള്ള ഇൻഫോക്കിന്റെ ഉപഹാരം കൈമാറി.

ഷിഫ അൽ ജസീറ ഓപ്പറേഷൻസ് മാനേജർ വിജിത്ത് വി നായർ, നൈമ അയ്യൂബ്, ഷാജഹാൻ, ഇൻഫോക് ട്രഷറർ മുഹമ്മദ് ഷാ, ജോ. സെക്രട്ടറി നിസ്സി മാത്യു, സെൻട്രൽ റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ പരിപാടി ഏകോപിപ്പിച്ചു.

സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി കൃത്യമായ പരിശോധനകളുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.