ഇറാനുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക നിലനിൽക്കെ, യുദ്ധത്തിൽ വൻതോതിൽ സൈനികർ കൊല്ലപ്പെടുന്ന സാഹചര്യം നേരിടാൻ അപൂർവ പരിശീലനവുമായി അമേരിക്കൻ സൈന്യം. യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സംസ്കരിക്കുന്നതിനുള്ള കൂട്ടസംസ്കാര നടപടികളിലാണ് സൈനികർ പരിശീലനം നടത്തിയത്. കൊറിയൻ യുദ്ധത്തിനുശേഷം ഇത്രയും വലിയ തോതിൽ ഇത്തരം പരിശീലനം നടത്തുന്നത് ആദ്യമായാണ്.
1950 മുതൽ 1953 വരെ നടന്ന കൊറിയൻ യുദ്ധത്തിൽ ഏകദേശം 37,000 അമേരിക്കൻ സൈനികരാണ് കൊല്ലപ്പെട്ടത്. അന്ന് വലിയ തോതിൽ താൽക്കാലിക സംസ്കാര കേന്ദ്രങ്ങൾ ഒരുക്കേണ്ടിവന്നിരുന്നു. എന്നാൽ ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ അമേരിക്കയിലേക്ക് വേഗത്തിൽ തിരിച്ചെത്തിച്ച് സംസ്കരിക്കുന്ന രീതിയാണ് സൈന്യം പിന്തുടർന്നിരുന്നത്.
ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വലിയ തോതിലുള്ള സൈനിക നീക്കങ്ങൾക്ക് വാഷിങ്ടൺ തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് പുതിയ പരിശീലനം ശ്രദ്ധ നേടുന്നത്. അമേരിക്കൻ സൈനിക പ്രസിദ്ധീകരണമായ 'ന്യൂസ്വീക്ക്' ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
നോർത്ത് കരോലിനയിൽ പരിശീലനം
നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ നടന്ന പരിശീലനത്തിൽ മൂന്നാം കോർപ്സ് സസ്റ്റെയ്ൻമെന്റ് കമാൻഡിലെയും 20-ാം എൻജിനീയർ ബ്രിഗേഡിലെയും സൈനികർ പങ്കെടുത്തു. സൈനിക ചാപ്ലെയിൻമാരും മതപരമായ പിന്തുണ നൽകുന്ന ഉദ്യോഗസ്ഥരും പരിശീലനത്തിന്റെ ഭാഗമായി.
വൻതോതിൽ സൈനികർ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായാൽ മൃതദേഹങ്ങൾ മാന്യമായി സംരക്ഷിച്ച് താൽക്കാലികമായി സംസ്കരിക്കാനും പിന്നീട് തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കി അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകാനും കഴിയുമോയെന്നാണ് പരിശീലനത്തിലൂടെ പരിശോധിച്ചത്.
മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് മുൻഗണന
താൽക്കാലിക സംസ്കാരത്തിനുശേഷവും മൃതദേഹങ്ങളുടെ തിരിച്ചറിയൽ സാധ്യമാകുന്ന വിധത്തിൽ സംരക്ഷിക്കുകയെന്നതാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. ശത്രുത അവസാനിച്ചശേഷം ഫോറൻസിക്, നരവംശശാസ്ത്ര വിദഗ്ധർക്ക് തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കാനും കുടുംബങ്ങൾക്ക് മൃതദേഹങ്ങൾ കൈമാറാനും കഴിയുന്ന രീതിയിലാണ് സംവിധാനങ്ങൾ പരിശോധിച്ചത്.
ഇത്തരം സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരവും അന്തസ്സും ഉറപ്പാക്കുന്നതിനൊപ്പം ശാസ്ത്രീയമായ രീതിയിൽ നടപടികൾ പൂർത്തിയാക്കാനും പരിശീലനം സഹായിക്കുമെന്ന് മൂന്നാം കോർപ്സ് സസ്റ്റെയ്ൻമെന്റ് കമാൻഡിലെ സർജന്റ് ഡെൽബർട്ട് റൂഡെ വ്യക്തമാക്കി.
20 വർഷത്തിനുശേഷം മതപരമായ പിന്തുണാ പരിശീലനം
താൽക്കാലിക സംസ്കാര നടപടികളിൽ സൈനിക ചാപ്ലെയിൻമാരും മതകാര്യ ഉദ്യോഗസ്ഥരും പരിശീലനം നേടുന്നത് 20 വർഷത്തിലേറെയായുള്ള ഇടവേളയ്ക്കുശേഷമാണ്. വലിയ തോതിലുള്ള യുദ്ധസാഹചര്യങ്ങളിൽ കൊല്ലപ്പെടുന്ന സൈനികർക്ക് ആവശ്യമായ മതപരമായ പിന്തുണയും ആദരവും ഉറപ്പാക്കുന്നതും പരിശീലനത്തിന്റെ ഭാഗമാണ്.
ഇറാനുമായുള്ള സംഘർഷം കൂടുതൽ വലിയ സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കകൾക്കിടയിൽ അമേരിക്കൻ സൈന്യം നടത്തുന്ന ഈ നീക്കം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടുകയാണ്. എന്നാൽ പരിശീലനം നടത്തുന്നത് ഇറാനെതിരായ യുദ്ധത്തിൽ വലിയ തോതിലുള്ള സൈനിക നഷ്ടം സംഭവിക്കുമെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചതായി അർഥമാക്കുന്നില്ല
image: task and purpose