മുംബൈ: കാലാവധി കഴിഞ്ഞതും കേടായതും വിൽപ്പനയ്ക്ക് അനുയോജ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വീണ്ടും വിപണിയിലെത്തുന്നത് തടയാൻ കർശന നടപടികളുമായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). ഇത്തരം ഭക്ഷ്യവസ്തുക്കൾ ശാസ്ത്രീയമായി നശിപ്പിക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം ഉൽപ്പാദക കമ്പനികൾക്കും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും റീട്ടെയിൽ വ്യാപാരികൾക്കും ആയിരിക്കുമെന്ന് എഫ്ഡിഎ വ്യക്തമാക്കി.

ഇതിനായി മഹാരാഷ്ട്ര എക്സ്പയേർഡ്, ഡാമേജ്ഡ് ആൻഡ് റിജക്ടഡ് ഫുഡ് (ഹാൻഡ്ലിങ് ആൻഡ് ഡിസ്പോസൽ) കംപ്ലയൻസ് ഓർഡർ 2026 എന്ന പേരിൽ സംസ്ഥാനവ്യാപകമായി പുതിയ ഉത്തരവ് പുറത്തിറക്കി. ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി.

പുതിയ ഉത്തരവനുസരിച്ച്, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനായി ഗോഡൗണുകളിലും വിതരണ കേന്ദ്രങ്ങളിലും പ്രത്യേകവും പൂട്ടുള്ളതുമായ ക്വാറന്റൈൻ മേഖലകൾ ഒരുക്കണം. ഈ മേഖലകളിൽ സിസിടിവി നിരീക്ഷണം നിർബന്ധമാണ്. 'മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ല' എന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കണം.

വിൽപ്പനയ്ക്കുള്ള ഭക്ഷ്യശൃംഖലയിലേക്ക് വീണ്ടും കടക്കാതിരിക്കാൻ നശിപ്പിക്കാനായി അയക്കുന്ന ഭക്ഷ്യപ്പൊതികൾ മുറിക്കുകയോ തകർക്കുകയോ വേണം. മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള കേന്ദ്രങ്ങളിൽ മാത്രമേ ഇവ നശിപ്പിക്കാൻ പാടുള്ളൂ.

50 കിലോഗ്രാമോ അതിൽ കൂടുതലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുന്നതിന് ഏഴ് ദിവസം മുമ്പ് ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെ അറിയിക്കണം. സാധനങ്ങളുടെ നീക്കം, തൂക്കം, നശിപ്പിക്കൽ എന്നിവ തെളിയിക്കുന്നതിനായി ഇ-വേ ബിൽ, ജിപിഎസ് രേഖകൾ, വെയ്ബ്രിഡ്ജ് സ്ലിപ്പുകൾ, ജിയോ ടാഗ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ എന്നിവയും സൂക്ഷിക്കണം. രണ്ട് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിലായിരിക്കണം നശിപ്പിക്കൽ നടപടികൾ.

കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ അളവും യഥാർഥത്തിൽ നശിപ്പിച്ച അളവും കൃത്യമായി രേഖപ്പെടുത്തുന്ന പ്രതിമാസ കണക്കുകളും കമ്പനികൾ സൂക്ഷിക്കണം. കാലാവധി സംബന്ധിച്ച വിവരങ്ങൾ മായ്ക്കുകയോ തിരുത്തുകയോ സ്റ്റിക്കറുകൾ ഉപയോഗിച്ച് മറയ്ക്കുകയോ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

വ്യാജ രേഖകൾ സമർപ്പിക്കുന്ന കമ്പനികൾക്ക് 10 ലക്ഷം രൂപ വരെ പിഴ ചുമത്താം. കാലാവധി തിരുത്തുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങളിൽ പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കും. ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

2026 ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ ഏകദേശം 5.01 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതായി എഫ്ഡിഎ അറിയിച്ചു. ഏഴ് കേസുകളിലായി 34 പേരെ പ്രതിചേർത്തിട്ടുണ്ട്. കമ്പനികളുടെ ഡയറക്ടർമാർ, ഗോഡൗൺ മാനേജർമാർ, മാലിന്യ നിർമാർജന ഏജൻസികൾ, ഇടനിലക്കാർ, വിൽപ്പനക്കാർ എന്നിവരും അന്വേഷണ പരിധിയിലുണ്ട്.

നശിപ്പിക്കാനായി കൈമാറുന്ന ഭക്ഷ്യവസ്തുക്കൾ യഥാർഥത്തിൽ നശിപ്പിക്കാതെ വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി വീണ്ടും വിപണിയിലെത്തിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കർശന നടപടി. ഇത്തരം ഉൽപ്പന്നങ്ങൾ അനധികൃത ഗോഡൗണുകളിലെത്തിച്ച് പാക്കേജിങ് മാറ്റിയും കാലാവധി വിവരങ്ങളിൽ കൃത്രിമം നടത്തിയും കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തിയിരുന്നതായും എഫ്ഡിഎ ആരോപിക്കുന്നു.

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത് തടയാൻ ഉൽപ്പാദനം മുതൽ അന്തിമ നിർമാർജനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കമ്പനികളുടെ ഉത്തരവാദിത്തം ഉറപ്പാക്കുകയാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യമെന്ന് എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ വ്യക്തമാക്കി.