തിരുവനന്തപുരം | നവംബർ 1, 2026 | GP NEWS

കേരളത്തിൽ ഒരു കോടിയിലധികം വാഹനങ്ങളുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ വാഹൻ (VAHAN) പോർട്ടലിൽ ലഭ്യമല്ലെന്ന് റിപ്പോർട്ട്. 2019-ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയപ്പോഴുണ്ടായ പിഴവുകളാണ് പ്രതിസന്ധിക്ക് കാരണമായത്.

നേരത്തെ വാഹനങ്ങളുടെ വിവരങ്ങൾ ‘സ്മാർട്ട് മൂവ്’ സോഫ്റ്റ്‌വെയറിലായിരുന്നു സൂക്ഷിച്ചിരുന്നത്. പിന്നീട് ഇവ വാഹൻ പോർട്ടലിലേക്ക് മാറ്റുന്നതിനിടെ നിരവധി സാങ്കേതിക പിഴവുകൾ സംഭവിച്ചതായാണ് കണ്ടെത്തൽ.

വിവരങ്ങൾ പൂർണമല്ലാത്തതിനാൽ മലിനീകരണ പരിശോധന കൃത്യസമയത്ത് നടത്താത്ത വാഹനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതിലും മോട്ടോർ വാഹന വകുപ്പിന് തടസ്സം നേരിടുന്നുണ്ട്.

വാഹന ഉടമകളിൽനിന്ന് ആവശ്യമായ രേഖകൾ ശേഖരിച്ച് വിവരങ്ങൾ തിരുത്താനുള്ള നടപടികൾ സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ സ്പർജൻ കുമാർ നിർദേശം നൽകിയിട്ടുണ്ട്.

ഉപയോഗിച്ച വാഹനങ്ങൾ വാങ്ങിയവർക്കും ആവശ്യമായ രേഖകൾ കണ്ടെത്തി വിവരങ്ങൾ പുതുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.