തിരുവനന്തപുരം : കോവിഡ് കാലത്തിനു ശേഷം കൗമാരക്കാരിൽ മൊബൈൽ ദുരുപയോഗം അനിയന്ത്രിതമായി വർധിച്ചിരിക്കുകയാണെന്ന് ജുവനൈൽ ജസ്റ്റിസിന്റെയും സോഷ്യൽ പോളിസിയുടെയും ചുമതല കൂടി വഹിക്കുന്ന ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അജിത ബീഗം ഐ.പി.എസ് പറഞ്ഞു.

സംസ്ഥാന ശിശുക്ഷേമ സമിതി ഇത്തവണത്തെ ശിശുദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന നഴ്സറി-അങ്കണവാടി വർണ്ണോത്സവം-2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

കേരള പോലീസിന്റെ സോഷ്യൽ പോലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകളിലൂടെ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് എല്ലാ ജില്ലകളിലും സൗജന്യ കൗൺസിലിംഗും മനഃശാസ്ത്രപരമായ പിന്തുണയും നൽകിയിട്ടും, മൊബൈൽ ആസക്തിയിൽ നിന്ന് മുക്തരാകാത്ത കുട്ടികളുടെ എണ്ണം ആശങ്കാജനകമാം വിധം വർധിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.

ചെറുപ്രായം മുതൽ രക്ഷിതാക്കൾ തന്നെ ഫോണുകൾ കൈമാറുന്നതിലൂടെ കുട്ടികൾ അതിൽ അഭയം പ്രാപിക്കുകയാണ്. 14 വയസ്സ് എങ്കിലും കഴിയാതെ കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകുകയോ സോഷ്യൽ മീഡിയകളിലേക്ക് ആകർഷിക്കപ്പെടാൻ അവസരം നൽകുകയോ ചെയ്യരുത്. വയലൻസ് നിറഞ്ഞ സിനിമകൾ പോലും കുട്ടികളിൽ ആത്മഹത്യാ പ്രവണത വരെ പ്രചോദിപ്പിക്കുന്നതായാണ് പോലീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.

"കുട്ടികൾ എന്ത് ചെയ്യുന്നു എന്ന് രക്ഷിതാക്കൾ അറിയണം. കൗമാര പ്രായം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാലമാണ്. സമൂഹത്തിലെ നാനാ വിഷയങ്ങൾക്കും ക്ലാസുകളുണ്ട്, എന്നാൽ പേരന്റിംഗ് അഥവാ രക്ഷാകർതൃത്വത്തിന് ഒരു ക്ലാസും എവിടെയും ലഭ്യമല്ല. അത് മാതാപിതാക്കൾ തന്നെ സ്വയം തയ്യാറാകണം," സദസ്സിൽ തടിച്ചുകൂടിയ രക്ഷിതാക്കളോടായി ഐ.ജി. അഭ്യർത്ഥിച്ചു.

കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ പരിചയപ്പെടുത്തുക, അവരിലെ ജിജ്ഞാസയും സർഗ്ഗാത്മകതയും ചിന്താശേഷിയും വളർത്തുക, അവരിലെ ഒളിഞ്ഞിരിക്കുന്ന പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നിവ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കടമയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അധ്യക്ഷത വഹിച്ചു. ട്രഷറർ കെ. ജയപാൽ സ്വാഗതം പറഞ്ഞു. തിരുവനന്തപുരംലൈബ്രററി കൗൺസിൽ സെക്രട്ടറി എൻ. എസ് വിനോദ് , ജില്ലാ ശിശുക്ഷേമ സമിതി ട്രഷറർ എൽ.എസ്. സുദർശനൻ എന്നിവർ സംസാരിച്ചു.

ശനിയാഴ്ച നടന്ന നഴ്സറി/അങ്കണവാടി കലോത്സവത്തിൽ മോണോ ആക്ട്, അഭിനയ ഗാനം, കഥ പറയൽ, അക്ഷരപ്പാട്ട് എന്നീ മത്സരങ്ങൾ നടന്നു.

ഞായറാഴ്ച ശിശുക്ഷേമ സമിതി ഹാൾ, ഗവ. സംഗീത കോളേജ് എന്നിവിടങ്ങളിലായി സിനിമാറ്റിക് ഡാൻസ് (സിംഗിൾ), സംഘനൃത്തം, നാടോടി നൃത്തം, സംഘഗാനം എന്നിങ്ങനെ കുരുന്നുകളുടെ ആകർഷണമായ മത്സര ഇനങ്ങൾ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും തൽസമയം രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാവുന്നതാണെന്ന് സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു.