അമേരിക്കയിൽ കുടിയേറ്റ നിയന്ത്രണ നടപടികൾ ശക്തമാക്കുന്നതിനിടെ, കുടിയേറ്റ നയങ്ങളെ വിമർശിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ കൈമാറണമെന്ന ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ICE) ആവശ്യത്തിനെതിരെ ഗൂഗിളും മെറ്റയും ഉൾപ്പെടെയുള്ള പ്രമുഖ സാങ്കേതിക കമ്പനികൾ. ഉപയോക്താക്കളുടെ സ്വകാര്യതയും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന സമ്മർദമാണ് കമ്പനികളെ സർക്കാരിന്റെ ആവശ്യങ്ങൾ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം കുടിയേറ്റ നയങ്ങൾക്കെതിരായ ഓൺലൈൻ വിമർശനങ്ങൾ നിരീക്ഷിക്കുന്നതിനായി സാങ്കേതിക കമ്പനികളോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്. യൂട്യൂബ് ചാനലുകൾ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, മറ്റ് സാമൂഹികമാധ്യമങ്ങളിലെ ഉപയോക്താക്കൾ എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഐസിഇ ആവശ്യപ്പെടുന്നത്.

ദി വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജഡ്ജിയുടെ അനുമതിയില്ലാതെയും വിവരങ്ങൾ ആവശ്യപ്പെടാം

ഐസിഇ ഉപയോഗിക്കുന്ന പ്രധാന നിയമനടപടികളിലൊന്നാണ് 'അഡ്മിനിസ്ട്രേറ്റീവ് സബ്പീന' (Administrative Subpoena). സാധാരണ കോടതി വാറന്റുകളിൽനിന്ന് വ്യത്യസ്തമായി, ഇത്തരം ആവശ്യങ്ങൾക്കായി മുൻകൂട്ടി ജഡ്ജിയുടെ അനുമതി തേടേണ്ടതില്ല. ഐസിഇ ഉദ്യോഗസ്ഥർക്ക് നേരിട്ട് വിവരങ്ങൾ ആവശ്യപ്പെടാൻ ഇതിലൂടെ സാധിക്കും.

ഉപയോക്താക്കളുടെ പേരുകൾ, വിലാസങ്ങൾ, ഐപി വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ഓൺലൈൻ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവയാണ് അന്വേഷണ ഏജൻസികൾ തേടുന്നത്. എന്നാൽ നിയമപരമായ അടിസ്ഥാനമില്ലാത്തതോ പരിധിവിട്ടതോ ആയ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് ഗൂഗിളിന്റെയും മെറ്റയുടെയും നിലപാട്.

ആവശ്യങ്ങൾ വൈകിപ്പിച്ച് ഗൂഗിളും മെറ്റയും

സർക്കാരിന്റെ ചില ആവശ്യങ്ങളോട് പ്രതികരിക്കുന്നത് ഗൂഗിളും മെറ്റയും വൈകിപ്പിക്കുന്നുണ്ട്. നിയമപരമായ വ്യക്തത തേടുകയും അമിതമായ വിവരാവശ്യങ്ങൾ ചോദ്യം ചെയ്യുകയും ചെയ്യുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുന്നത്.

2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം അമേരിക്കൻ സർക്കാരിൽനിന്ന് ഏകദേശം 28,600 സബ്പീനകൾ ഗൂഗിളിന് ലഭിച്ചിരുന്നു. അതേ വർഷം രണ്ടാം പകുതിയിലും സമാനമായ എണ്ണത്തിൽ ആവശ്യങ്ങൾ ലഭിച്ചതായാണ് കമ്പനിയുടെ സുതാര്യതാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സർക്കാർ ആവശ്യങ്ങൾ ലഭിക്കുമ്പോൾ ഉപയോക്താക്കളെ അറിയിക്കുന്നതിനുള്ള നയങ്ങളും ചില കമ്പനികൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിയമപരമായി വിലക്കില്ലാത്ത സാഹചര്യങ്ങളിൽ വിവരങ്ങൾ ആവശ്യപ്പെട്ട കാര്യം ഉപയോക്താക്കളെ അറിയിക്കാനാണ് കമ്പനികളുടെ നീക്കം.

റെഡിറ്റും അമിതമായ വിവരാവശ്യങ്ങൾക്കെതിരെ നിലപാടെടുക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോക്താക്കളുടെ സ്വകാര്യതയും പൗരാവകാശങ്ങളും സംരക്ഷിക്കുമെന്ന് കമ്പനി അറിയിച്ചു. ടിക്‌ടോക്കും നിയമപരമായ വിവരാവശ്യങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്ന നയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

അമേരിക്കയിൽ രാഷ്ട്രീയ വിവാദവും

സാങ്കേതിക കമ്പനികൾ സർക്കാരിന് ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുന്നതിനെതിരെ അമേരിക്കൻ ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യ പാർട്ടിയിലെ നേതാക്കൾ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ജനപ്രതിനിധികളായ ഷ്രി താനേദാർ, റോൺ വൈഡൻ, പ്രമീല ജയപാൽ എന്നിവർ സർക്കാരിന്റെ വിവരശേഖരണ രീതികളെ ചോദ്യം ചെയ്തിട്ടുണ്ട്. കുടിയേറ്റ നയങ്ങളെ വിമർശിക്കുന്ന സാധാരണ പൗരന്മാരുടെയും മാധ്യമപ്രവർത്തകരുടെയും അഭിപ്രായസ്വാതന്ത്ര്യത്തെ ഇത്തരം നടപടികൾ ബാധിക്കുമെന്നാണ് വിമർശനം.

അതേസമയം, നിയമത്തിനും ഔദ്യോഗിക നയങ്ങൾക്കും അനുസരിച്ചാണ് ഐസിഇ പ്രവർത്തിക്കുന്നതെന്ന് അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വക്താവ് വ്യക്തമാക്കി. അക്രമം, ഭീഷണി, നിയമനടപടികൾ തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനകൾ എന്നിവ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് കൂടുതൽ സ്വാധീനം ലഭിച്ചാൽ ടെക് കമ്പനികൾ സർക്കാരുമായി സഹകരിച്ച രീതിയിൽ അന്വേഷണം നേരിടേണ്ടിവരുമെന്ന ആശങ്കയും കമ്പനികൾക്കുള്ളിലുണ്ട്.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും സർക്കാരിന്റെ നിയമപരമായ ആവശ്യങ്ങൾ പാലിക്കേണ്ട ബാധ്യതയും തമ്മിലുള്ള സംഘർഷമാണ് ഇപ്പോൾ അമേരിക്കയിലെ ടെക് കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്.