കുവൈത്ത് സിറ്റി: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അപകടസാധ്യതകളുടെ പ്രാരംഭ സൂചനകൾ തിരിച്ചറിഞ്ഞ് സമയോചിതമായി ഇടപെടണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്നും അവരുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുകയും ആവശ്യമുള്ളപ്പോൾ സഹായം തേടുകയും ചെയ്യണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സമൂഹമാധ്യമ ചാനലിലൂടെ പങ്കുവച്ച ബോധവത്കരണ സന്ദേശത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. അപകടസാധ്യതകൾ നേരത്തേ തിരിച്ചറിയുന്നതും ഉചിതമായി പ്രതികരിക്കുന്നതും കുട്ടികളെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

മക്കളുടെ കാര്യത്തിൽ പ്രാരംഭ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും അവരെ കേൾക്കാൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും മന്ത്രാലയം നിർദേശിച്ചു. സഹായം ആവശ്യമായ സാഹചര്യങ്ങളിൽ അത് തേടുന്നതിൽ കാലതാമസം വരുത്തരുതെന്നും ഓർമിപ്പിച്ചു.

പ്രശ്നങ്ങൾ ഗുരുതരമാകുന്നതിനു മുമ്പുള്ള ഇടപെടലിന്റെ പ്രാധാന്യമാണ് ബോധവത്കരണ സന്ദേശം മുന്നോട്ടുവയ്ക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കായി കുടുംബവും സമൂഹവും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെയാണ് മന്ത്രാലയം സന്ദേശം പങ്കുവച്ചത്.