കുവൈത്ത് സിറ്റി: പ്രോസിക്യൂഷൻ മേഖലയിലേക്കുള്ള നിയമനത്തിന് മുന്നോടിയായി ജൂനിയർ നിയമ ഗവേഷക തസ്തികയിലേക്ക് കുവൈത്ത് നീതിന്യായ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. യോഗ്യരായ കുവൈത്ത് സ്വദേശികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ‘വകീൽ നിയാബ—സി’ തസ്തികയിലേക്ക് പരിഗണിക്കും.

2026 നവംബർ ഒന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ നവംബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് അപേക്ഷ സ്വീകരിക്കുക. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ നിയമന സേവന വിഭാഗത്തിലൂടെ അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ പി.ഡി.എഫ്. രൂപത്തിൽ സമർപ്പിക്കണം.

2025–26 അധ്യയനവർഷത്തിൽ കുവൈത്ത് സർവകലാശാലയിൽനിന്നോ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച തത്തുല്യ സ്ഥാപനത്തിൽനിന്നോ നിയമബിരുദം നേടിയവർക്കാണ് അവസരം. നാലുപോയിന്റ് സ്കെയിലിൽ കുറഞ്ഞത് 2.67 ഗ്രേഡ് പോയിന്റോ മറ്റ് അംഗീകൃത മൂല്യനിർണയ സംവിധാനങ്ങളിൽ തത്തുല്യ യോഗ്യതയോ വേണം. ശതമാനാടിസ്ഥാനത്തിൽ കുറഞ്ഞത് 80 ശതമാനമാണ് നിബന്ധന.

ബിരുദം നേടുമ്പോൾ പ്രായം 26 വയസ്സ് കവിയരുത്. മുമ്പ് ഇതേ തസ്തികയിലേക്ക് അപേക്ഷിച്ചവരാകരുത്. നല്ല സ്വഭാവവും ആരോഗ്യയോഗ്യതയും ഉൾപ്പെടെയുള്ള മറ്റ് നിബന്ധനകളും ബാധകമാണ്.

എഴുത്തുപരീക്ഷയും അഭിമുഖവും വിജയിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ ജൂനിയർ നിയമ ഗവേഷകരായി നിയമിച്ച് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജുഡീഷ്യൽ ആൻഡ് ലീഗൽ സ്റ്റഡീസിൽ പരിശീലനം നൽകും. നിശ്ചിത സമയപരിധിക്കുശേഷം അപേക്ഷകൾ സ്വീകരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.