ലഖ്നൗ: ഉത്തർപ്രദേശിൽ പൊലീസ്, സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് നാലുപേരെ യുപി ഭീകരവിരുദ്ധ സേന (ATS) പിടികൂടി. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാണാ ഭായ് എന്നയാളുടെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. പഞ്ചാബ് സ്വദേശികളായ ഗഗൻദീപ് സിങ് (26), രജത് കുമാർ (19), ക്രിഷ് (21) എന്നിവരാണ് തിരിച്ചറിഞ്ഞ മറ്റ് പ്രതികൾ. ഒക്ടോബർ 30നാണ് ലഖ്നൗവിൽനിന്ന് ഇവരെ പിടികൂടിയത്.
നിരോധിതമായ ഷഹ്സാദ് ഭട്ടി നെറ്റ്വർക്കുമായി (SBN) പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് എടിഎസ് ആരോപിക്കുന്നത്. സൈനികനെയോ പൊലീസുകാരനെയോ ആക്രമിച്ച് ദൃശ്യങ്ങൾ പാകിസ്താനിലെ ഹാൻഡ്ലർക്ക് അയച്ചുനൽകാനായിരുന്നു നിർദേശമെന്നും ഇതിന് മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഒരു പിസ്റ്റളും 20 വെടിയുണ്ടകളും പിടിച്ചെടുത്തതായി അധികൃതർ വ്യക്തമാക്കി. പ്രതികളുടെ മൊബൈൽ ഫോണുകളിൽ സംശയാസ്പദമായ സന്ദേശങ്ങളും വീഡിയോകളും ലഭിച്ചതായും സുരക്ഷാപ്രധാന്യമുള്ള സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വിദേശത്തേക്ക് കൈമാറിയെന്ന സംശയമുണ്ടെന്നും എടിഎസ് അറിയിച്ചു.
ആക്രമണപദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം പാകിസ്താനിൽനിന്ന് ലഭിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിനുശേഷം നേപ്പാളിലേക്ക് കടക്കാനും പദ്ധതിയുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.
ഗൂഢാലോചനയിൽ പങ്കുള്ള മറ്റുള്ളവരെയും പ്രാദേശിക സഹായികളെയും കണ്ടെത്തുന്നതിനും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത, ആയുധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.