കുവൈത്ത് സിറ്റി: കുവൈത്തിലെ ദേശീയ സ്തനാർബുദ പരിശോധനാ പദ്ധതിയിലൂടെ രോഗലക്ഷണങ്ങളില്ലാത്ത 418 സ്ത്രീകളിൽ അർബുദം കണ്ടെത്തി. പദ്ധതിയുടെ ഭാഗമായി ഇതുവരെ നടത്തിയ 46,225 പരിശോധനകളിലാണ് രോഗം തിരിച്ചറിഞ്ഞതെന്ന് അദാൻ ആശുപത്രിയിലെ ഡയഗ്നോസ്റ്റിക് റേഡിയോളജി വിഭാഗം മേധാവി ഡോ. ലത്തീഫ അൽ കന്ദരി അറിയിച്ചു.
ദേശീയ അർബുദ ബോധവത്കരണ പ്രചാരണമായ ‘കാൻ’ സംഘടിപ്പിച്ച ശിൽപശാലയിലാണ് കണക്കുകൾ അവതരിപ്പിച്ചത്. സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിലും രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും ബോധവത്കരണത്തിന്റെ പങ്കായിരുന്നു ചർച്ചാവിഷയം.
രോഗലക്ഷണങ്ങളില്ലാത്ത 40 മുതൽ 69 വയസ്സുവരെയുള്ള കുവൈത്ത് സ്വദേശിനികളെയാണ് ദേശീയ പരിശോധനാ പദ്ധതി ലക്ഷ്യമിടുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ പരിശോധന നടത്തിയിട്ടില്ലാത്തവർക്ക് നിബന്ധനകൾക്ക് വിധേയമായി പദ്ധതിയിൽ പങ്കെടുക്കാം. ‘സഹൽ’, ‘സാലം’ ആപ്പുകളിലൂടെ പരിശോധനയ്ക്ക് സമയം നിശ്ചയിക്കാമെന്നും ഡോ. അൽ കന്ദരി വ്യക്തമാക്കി.
ഗർഭിണികൾ, മുലയൂട്ടുന്നവർ, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അർബുദ രോഗചരിത്രമുള്ളവർ എന്നിവരെ ഈ പരിശോധനാ പദ്ധതിയിൽ ഉൾപ്പെടുത്തുന്നില്ല. രോഗം സ്പർശിച്ച് തിരിച്ചറിയാവുന്ന മുഴയായി മാറുന്നതിനുമുമ്പ് കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അർബുദത്തെക്കുറിച്ചുള്ള ഭയവും തെറ്റിദ്ധാരണകളും പരിശോധന വൈകിപ്പിക്കാൻ ഇടയാക്കുന്നുവെന്ന് ശിൽപശാലയിൽ പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാട്ടി. ബോധവത്കരണത്തിനൊപ്പം പരിശോധനാ സൗകര്യങ്ങൾ, തുടർചികിത്സയ്ക്കുള്ള മാർഗനിർദേശം, കുടുംബത്തിന്റെ പിന്തുണ എന്നിവ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അവർ വ്യക്തമാക്കി.