ലോകത്തിലെ ഏറ്റവും മികച്ച 100 മ്യൂസിയങ്ങളുടെ 2026-ലെ പട്ടികയിൽ ഇന്ത്യയ്ക്ക് അഭിമാനനേട്ടം. പട്ടികയിൽ പട്‌നയിലെ ബിഹാർ മ്യൂസിയം ഒൻപതാം സ്ഥാനം നേടി. ഫ്രാൻസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തെയും അമേരിക്കയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിനെയും പിന്നിലാക്കിയാണ് ബിഹാർ മ്യൂസിയം ആദ്യ പത്തിൽ ഇടംപിടിച്ചത്. പട്ടികയിലെ ആദ്യ 100 സ്ഥാനങ്ങളിൽ ഇടം നേടിയ ഏക ഇന്ത്യൻ മ്യൂസിയവും ഇതാണ്.

മ്യൂണിച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന യാത്രാ പ്രസിദ്ധീകരണമായ 'വർത്ത് എ ജേർണി' (Worth a Journey) ആണ് 2026-ലെ ലോകത്തിലെ മികച്ച 100 മ്യൂസിയങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഏഷ്യയിലെ ഏറ്റവും മികച്ച മ്യൂസിയമായും ബിഹാർ മ്യൂസിയം തിരഞ്ഞെടുക്കപ്പെട്ടു.

ലോകത്തിലെ മികച്ച 10 മ്യൂസിയങ്ങൾ

2026-ലെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങൾ നേടിയ മ്യൂസിയങ്ങൾ:

1. മ്യൂസിയോ നാഷണൽ ഡി ആന്ത്രോപോളജിയ – മെക്സിക്കോ

2. മ്യൂസിയോ ഡെൽ പ്രാഡോ – സ്പെയിൻ

3. ലൂസിയാന മ്യൂസിയം ഓഫ് മോഡേൺ ആർട്ട് – ഡെൻമാർക്ക്

4. സ്റ്റേറ്റ് ഹെർമിറ്റേജ് മ്യൂസിയം – റഷ്യ

5. കുൻസ്ത്ഹിസ്റ്റോറിഷെസ് മ്യൂസിയം – ഓസ്ട്രിയ

6. സാൻലിഉർഫ ആർക്കിയോളജി മ്യൂസിയം – തുർക്കി

7. മ്യൂസിയം ഓഫ് ദ സെക്കൻഡ് വേൾഡ് വാർ – പോളണ്ട്

8. നാഷണൽ WWII മ്യൂസിയം – അമേരിക്ക

9. ബിഹാർ മ്യൂസിയം – ഇന്ത്യ

10. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് – അമേരിക്ക

13 ഏക്കറിലധികം വിസ്തൃതിയിൽ ചരിത്ര വിസ്മയം

ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിലാണ് ബിഹാർ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 2015-ൽ ഉദ്ഘാടനം ചെയ്ത മ്യൂസിയം 13 ഏക്കറിലധികം സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത്.

പ്രാചീന നാഗരികതകൾ മുതൽ 1764 വരെയുള്ള ചരിത്രാവശിഷ്ടങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്. ശിൽപങ്ങൾ, നാണയങ്ങൾ, കൈയെഴുത്തുപ്രതികൾ, നാടൻ കലാരൂപങ്ങൾ, പരമ്പരാഗതവും സമകാലികവുമായ കലാസൃഷ്ടികൾ എന്നിവയും മ്യൂസിയത്തിന്റെ പ്രത്യേകതയാണ്.

മൗര്യ, ഗുപ്ത, മുഗൾ കാലഘട്ടങ്ങളിലെ ചരിത്രശേഷിപ്പുകൾ ഉൾപ്പെടെ ബിഹാറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകമാണ് മ്യൂസിയം സന്ദർശകർക്ക് മുന്നിലെത്തിക്കുന്നത്. കുട്ടികൾക്കായി പ്രത്യേക ഗാലറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

റാങ്കിങ് നിർണയിച്ചത് എങ്ങനെ?

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് മ്യൂസിയങ്ങളിൽനിന്നുള്ള വിവരങ്ങളും സന്ദർശകാനുഭവങ്ങളും വിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. 142 രാജ്യങ്ങളിലായി 3,800-ഓളം വിനോദസഞ്ചാര കേന്ദ്രങ്ങളെ വിലയിരുത്തുന്ന സംവിധാനമാണ് പ്രസിദ്ധീകരണത്തിനുള്ളത്. പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്ന സ്ഥിരം ശേഖരമോ പ്രദർശനമോ ഉള്ള മ്യൂസിയങ്ങളെയാണ് പരിഗണിച്ചത്.

ലോകപ്രശസ്ത മ്യൂസിയങ്ങളെ പിന്നിലാക്കി ബിഹാർ മ്യൂസിയം ആദ്യ പത്തിൽ ഇടംപിടിച്ചത് ഇന്ത്യയുടെ ചരിത്ര-സാംസ്കാരിക പൈതൃകത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.