കുവൈത്ത് സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചിവൈവിധ്യങ്ങളും പാചക മത്സരങ്ങളും പ്രത്യേക വിലക്കിഴിവുകളുമായി കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. ഒക്ടോബർ 28 മുതൽ ഏഴുദിവസം നീളുന്ന മേള കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ശാഖകളിലുമായാണ് സംഘടിപ്പിക്കുന്നത്.
അൽ റായ് ശാഖയിൽ ഒക്ടോബർ 29ന് നടന്ന ചടങ്ങിൽ ചലച്ചിത്രതാരം നിഖില വിമൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ലുലു കുവൈത്തിലെ മുതിർന്ന മാനേജ്മെന്റ് പ്രതിനിധികളും മേളയ്ക്ക് പിന്തുണ നൽകുന്ന ബ്രാൻഡുകളുടെ പ്രതിനിധികളും പങ്കെടുത്തു.
അറബിക്, ഇന്ത്യൻ, കോണ്ടിനെന്റൽ, ഫിലിപ്പിനോ, തായ് തുടങ്ങിയ വിവിധ പാചകശൈലികളിലുള്ള വിഭവങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. വിവിധ രാജ്യങ്ങളിലെ തെരുവുഭക്ഷണങ്ങൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക കൗണ്ടറുകളും ഒരുക്കുന്നു. ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ വിഭവങ്ങൾക്കൊപ്പം മെക്സിക്കൻ, കൊറിയൻ, ഇറ്റാലിയൻ, സ്പാനിഷ് രുചികളും ഈ കൗണ്ടറുകളിൽ ലഭ്യമാക്കും.
മേളയോടനുബന്ധിച്ച് പലചരക്കുകൾ, പഴം–പച്ചക്കറികൾ, ഫ്രഷ്–ശീതീകരിച്ച മാംസം, മത്സ്യം, സമുദ്രവിഭവങ്ങൾ, ശീതീകരിച്ച ഭക്ഷ്യോൽപ്പന്നങ്ങൾ, പാൽ–പാലുൽപ്പന്നങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഓഫറുകളുണ്ട്. ഗൃഹോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. വസ്ത്രവിഭാഗത്തിൽ ‘10 ദിനാറിന് വാങ്ങൂ, 10 ദിനാറിന്റെ ആനുകൂല്യം നേടൂ’ ഓഫർ, പ്രമുഖ പാദരക്ഷാ ബ്രാൻഡുകളുടെ പ്രത്യേക വിൽപ്പന, കളിപ്പാട്ട മേള എന്നിവയും ഒരുക്കിയിട്ടുണ്ട്.
പാചകത്തിലെ കഴിവും സർഗാത്മകതയും പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന മത്സരങ്ങളും മേളയുടെ ഭാഗമാണ്. വീട്ടിൽ തയ്യാറാക്കിയ വിഭവങ്ങൾ വിധികർത്താക്കളുടെ വിലയിരുത്തലിനായി അവതരിപ്പിക്കുന്ന ‘ടേസ്റ്റ് ആൻഡ് വിൻ’, കുട്ടികൾക്കായുള്ള ‘മാസ്റ്റർ ജൂനിയർ ഷെഫ്’, പിസ അലങ്കരിക്കുന്ന ‘പിസ ഡെക്കറേഷൻ’ എന്നിവയാണ് പ്രധാന മത്സരങ്ങൾ. വിജയികൾക്ക് വിലയേറിയ സമ്മാനങ്ങളും മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകും.
വിവിധ ഭക്ഷണവിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പ്രമോഷനുകളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിഭവങ്ങളുമായി ‘ഗ്ലോബൽ ഫുഡി’, സാലഡുകൾ, ചീസ്, ഒലിവ് എന്നിവയുമായി ‘ഹെൽത്തി ഈറ്റ്സ്’, മാംസവിഭവങ്ങൾക്കായി ‘മീറ്റ് എ മീറ്റ്’, മത്സ്യ–സമുദ്രവിഭവങ്ങളുമായി ‘ഗോ ഫിഷ്’ എന്നിവ ഒരുക്കിയിട്ടുണ്ട്. ബേക്കറി ഉൽപ്പന്നങ്ങൾക്ക് ‘ദി ബെസ്റ്റ് ബേക്ക്’, ലഘുഭക്ഷണങ്ങൾക്ക് ‘സ്നാക്ക് ടൈം’, ബിരിയാണി പ്രേമികൾക്കായി ‘ബിരിയാണി വേൾഡ്’ എന്നിവയുമുണ്ട്.
ഇന്ത്യൻ തെരുവുഭക്ഷണങ്ങളുടെ വൈവിധ്യവുമായി ‘ദേശി ധാബ’, മധുരവിഭവങ്ങളുമായി ‘കേക്ക് സോ കുക്കീസ്’, പരമ്പരാഗത ദക്ഷിണേന്ത്യൻ പലഹാരങ്ങളുമായി ‘നാടൻ തട്ടുകട’ എന്നിവയും മേളയ്ക്ക് രുചിപകരും. ദൈനംദിന പാചകത്തിന് ആവശ്യമായ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും ‘കിച്ചൻ മസ്റ്റ് ഹാവ്’ വിഭാഗത്തിൽ ലഭ്യമാക്കും.
പ്രമുഖ ഭക്ഷ്യോൽപ്പന്ന, ഗൃഹോപകരണ, ഉപഭോക്തൃ ബ്രാൻഡുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കുടുംബങ്ങൾക്കും ഭക്ഷണപ്രേമികൾക്കും വിവിധ രാജ്യങ്ങളിലെ രുചികൾ പരിചയപ്പെടാനും പ്രത്യേക ഷോപ്പിങ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും മേള അവസരമൊരുക്കുമെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു.