കുവൈത്ത് സിറ്റി: മുത്ലാഅയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് സ്വദേശിയെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരാതി ലഭിച്ച് 24 മണിക്കൂർ തികയുംമുമ്പാണ് പ്രതിയെ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ വീടിന്റെ മേൽക്കൂരയിൽ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തലേദിവസം ജോലിയിൽനിന്ന് ഒഴിവാക്കിയ മുൻ കാവൽക്കാരനിലേക്ക് അന്വേഷണം നീണ്ടു.
വിസ കാലാവധി അവസാനിച്ചതുമായി ബന്ധപ്പെട്ട അറസ്റ്റുത്തരവിന്റെ പേരിൽ പ്രതി ശർഖ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. കൊലപാതകത്തിലെ പങ്ക് കണ്ടെത്തുന്നതിനുമുമ്പ് നാടുകടത്തപ്പെടാനായിരുന്നു ശ്രമമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തനിക്കുപകരം ജോലിക്കെത്തിയ കാവൽക്കാരനുമായുള്ള തർക്കത്തിനിടെ മരക്കഷണവും കത്തിയും ഉപയോഗിച്ച് ആക്രമിച്ചതായി പ്രതി സമ്മതിച്ചെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും പൊതുസുരക്ഷാ വിഭാഗവും ചേർന്നാണ് നടപടി സ്വീകരിച്ചത്. പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.