കുവൈത്ത് സിറ്റി: പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുതുക്കലുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും പുതിയ പ്രീമിയം നിരക്കുകളിലെ വൻ വർധനയും അടിയന്തരമായി പരിഹരിക്കണമെന്ന് കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് ആവശ്യപ്പെട്ടു.

പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമായിരുന്ന ഈ പദ്ധതിയുടെ തുടർച്ച സംബന്ധിച്ച് വ്യക്തതയില്ലാത്തത് ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, പ്രായം കൂടുന്നതിനനുസരിച്ച് പ്രീമിയത്തിൽ വലിയ വർധന ഏർപ്പെടുത്തിയ നടപടി ഇൻഷുറൻസ് പരിരക്ഷ ഏറ്റവും കൂടുതൽ ആവശ്യമായ മുതിർന്ന പ്രവാസികൾക്ക് സാമ്പത്തിക ബാധ്യതയായി മാറുകയാണ്. പുതിയ നിരക്കുകൾ പ്രകാരം 51–60 പ്രായവിഭാഗത്തിൽ വ്യക്തിഗത പോളിസിയുടെ പ്രീമിയത്തിൽ 168 ശതമാനവും 61–70 പ്രായവിഭാഗത്തിൽ 250 ശതമാനവും വർധനയുണ്ടായിരിക്കുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.

നിരക്ക് വർധനയുടെ യുക്തിയും മാനദണ്ഡങ്ങളും സുതാര്യമായി വ്യക്തമാക്കുകയും നിലവിലുള്ള അംഗങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ തടസ്സമില്ലാതെ പുതുക്കുകയും വേണം. മുതിർന്ന പ്രവാസികൾക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നിലവിലെ നിരക്കുകൾ പുനഃപരിശോധിച്ച് എല്ലാവർക്കും പ്രാപ്യമായ രീതിയിൽ പദ്ധതി തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

നോർക്ക കെയർ പദ്ധതിക്കു പുറമേ, മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കാനും ക്ഷേമനിധി ആനുകൂല്യങ്ങളും സാന്ത്വനം പദ്ധതിയുടെ സഹായങ്ങളും അർഹരായവർക്ക് സമയബന്ധിതമായി ലഭ്യമാക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

പ്രവാസികളുടെ സംഭാവനകൾ അംഗീകരിക്കുന്നതോടൊപ്പം അവരുടെ അർഹമായ ക്ഷേമാവകാശങ്ങൾ സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാകണം. നോർക്ക കെയർ പദ്ധതിയുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ച് പ്രവാസികളുടെ ആശങ്കകൾക്ക് വ്യക്തമായ മറുപടി നൽകണമെന്നും കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ കുവൈത്ത് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.