കുവൈത്ത് സിറ്റി: കുവൈത്തിനും സൗദി തലസ്ഥാനമായ റിയാദിനുമിടയിലുള്ള പ്രതിദിന വിമാന സർവീസുകൾ ജസീറ എയർവേയ്‌സ് പുനരാരംഭിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതിനെത്തുടർന്ന് തടസ്സപ്പെട്ട സർവീസുകളാണ് പുനഃസ്ഥാപിച്ചത്.

ബന്ധപ്പെട്ട വ്യോമയാന അധികാരികളുമായി ഏകോപനം നടത്തുകയും പ്രവർത്തന സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തശേഷമാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എല്ലാ തീരുമാനങ്ങളിലും മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി.

സൗദി അറേബ്യയുമായുള്ള പ്രധാന വ്യോമബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണ് പ്രതിദിന സർവീസുകളുടെ മടക്കമെന്ന് ജസീറ എയർവേയ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഭാരതൻ പശുപതി പറഞ്ഞു. സുരക്ഷിതവും ഏകോപിതവുമായ രീതിയിൽ സർവീസുകൾ ആരംഭിക്കാൻ വ്യോമയാന അധികാരികളുമായി ചേർന്ന് പ്രവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വ്യാപാരം, വിനോദസഞ്ചാരം, കുടുംബ–സാമൂഹിക ബന്ധങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ സൗദി അറേബ്യ കമ്പനിയുടെ പ്രധാന വിപണികളിലൊന്നാണ്. റിയാദിലേക്കുള്ള പ്രതിദിന സർവീസുകൾ പുനരാരംഭിക്കുന്നത് ഇരുരാജ്യങ്ങൾക്കുമിടയിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

ജസീറ എയർവേയ്‌സിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.