കുവൈത്ത് സിറ്റി: റോബോട്ടിക് ശസ്ത്രക്രിയയിലെ മികവിന് ന്യൂ ജഹ്റ ആശുപത്രിക്ക് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കൻ സ്ഥാപനമായ സർജിക്കൽ റിവ്യൂ കോർപ്പറേഷൻ—എസ്.ആർ.സി.—ആശുപത്രിയെ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ റോബോട്ടിക് സർജറി’യായി അംഗീകരിച്ചു.

ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ ജസ്മിക്ക് ‘സർജൻ ഓഫ് എക്സലൻസ് ഇൻ റോബോട്ടിക് സർജറി’ അംഗീകാരവും ലഭിച്ചു. 2026 ഒക്ടോബർ മുതൽ 2029 വരെയാണ് അംഗീകാര കാലാവധിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2025 ഏപ്രിൽ 27നാണ് ആശുപത്രിയിൽ റോബോട്ടിക് ശസ്ത്രക്രിയാ പദ്ധതിയുടെ ആദ്യ ശസ്ത്രക്രിയ നടന്നത്. ഇതുവരെ ഏകദേശം 200 ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതായി ഡോ. അൽ ജസ്മി പറഞ്ഞു. ജനറൽ സർജറി, യൂറോളജി, മറ്റ് പ്രത്യേക ശസ്ത്രക്രിയകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഗുണനിലവാരവും മുൻനിർത്തി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് എസ്.ആർ.സി. ശസ്ത്രക്രിയാ പരിചയം, ചികിത്സാസംഘങ്ങളുടെ കാര്യക്ഷമത, ഉപകരണസജ്ജീകരണം, ചികിത്സാഫലങ്ങളുടെ നിരീക്ഷണം, തുടർച്ചയായ മെച്ചപ്പെടുത്തൽ എന്നിവയാണ് അംഗീകാരത്തിനായി വിലയിരുത്തുന്നത്.

മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികൾ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി 2025 ഒക്ടോബറിൽ ഗർഭാശയ അർബുദമുള്ള മൂന്ന് രോഗികൾക്ക് വിദൂര റോബോട്ടിക് ശസ്ത്രക്രിയയും നടത്തിയിരുന്നു. ശൈഖ് ജാബർ അൽ അഹമ്മദ് ആശുപത്രിയിലെ ഗൈനക്കോളജിക്കൽ ഓങ്കോളജി വിഭാഗവും ജഹ്റ ആശുപത്രിയിലെ സ്ത്രീരോഗ–പ്രസവ വിഭാഗവും ചേർന്നായിരുന്നു ചികിത്സ.