ചെന്നൈ: കോക്ക്രോച്ച് ജനതാ പാർട്ടി (CJP) സഹകൺവീനറും വക്താവുമായ സൗരവ് ദാസിന്റെ പൗരത്വവും വ്യക്തിത്വ രേഖകളും പരിശോധിക്കണമെന്ന ഹർജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സൗരവ് ദാസിനും നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി. പൗരത്വം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും വിദേശ പൗരനാണെന്ന് കണ്ടെത്തിയാൽ പാസ്‌പോർട്ടും ആധാർ കാർഡും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ചെന്നൈ സ്വദേശിയായ വ്യവസായി ആർ. ഗണേഷ് കുമാറാണ് കോടതിയെ സമീപിച്ചത്. സൗരവ് ദാസിന്റെ യഥാർഥ പേര് യോഗേഷ് ശർമയാണെന്നും അദ്ദേഹത്തിന് നേപ്പാളുമായി വേരുകളുണ്ടെന്നും ഇന്ത്യൻ പൗരത്വം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ച് പാസ്‌പോർട്ട്, ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകൾ നേടിയെന്നുമാണ് ഹർജിക്കാരന്റെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരിയും ജസ്റ്റിസ് ജി. അരുള്‍ മുരുകനും ഉൾപ്പെട്ട ഒന്നാം ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ചെന്നൈ റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, ആധാർ അതോറിറ്റിയായ യുഐഡിഎഐ എന്നിവയുൾപ്പെടെയുള്ള ബന്ധപ്പെട്ട കക്ഷികളോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

സൗരവ് ദാസിന്റെ എക്സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ തടയണമെന്നും സുപ്രീംകോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ള ന്യായാധിപന്മാർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സൗരവ് ദാസിന്റെ സാമൂഹിക മാധ്യമങ്ങളിലെ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയമുണ്ടെന്നും ഹർജിക്കാരൻ ആരോപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ ഏഴിന് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.

അതേസമയം, ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ കോടതി ഇതുവരെ യാതൊരു കണ്ടെത്തലും നടത്തിയിട്ടില്ല. ബന്ധപ്പെട്ട കക്ഷികളിൽനിന്ന് മറുപടി തേടിയ കോടതി, ആറാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കാൻ മാറ്റിവെച്ചു.