അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിന് സമീപവും മറ്റ് മതസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന മേഖലകളിലും മാംസാഹാര വിൽപ്പനയ്ക്കും സംഭരണത്തിനും ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി. സർക്കാർ പുറത്തിറക്കിയ വിജ്ഞാപനമാണ് കോടതി റദ്ദാക്കിയത്. ഇതോടെ നിരോധനത്തിനെതിരെ ഹർജി നൽകിയ ആറ് ഭക്ഷണശാല ഉടമകൾക്ക് ആശ്വാസമായി.

ആറ് മാംസാഹാര ഭക്ഷണശാലകളുടെ ഉടമകൾ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നടപടി. വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി ഉത്തരവിന് ഏഴ് ദിവസത്തെ സ്റ്റേ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. തുടർന്ന് രണ്ട് ദിവസത്തെ സ്റ്റേ കൂടി ആവശ്യപ്പെട്ടെങ്കിലും അതും കോടതി അംഗീകരിച്ചില്ല. ഹർജിക്കാരുടെ ഉപജീവനവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണിതെന്ന് കോടതി നിരീക്ഷിച്ചു.

അടിയന്തര അപ്പീലുമായി സർക്കാർ

സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ചിന് മുന്നിൽ അടിയന്തരമായി അപ്പീൽ പരിഗണിക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.

നിരോധനത്തിനെതിരെ ഭക്ഷണശാല ഉടമകൾ

സോമനാഥ് ക്ഷേത്രത്തിന് 500 മീറ്റർ ചുറ്റളവിലും മറ്റ് ആറ് മതസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന നിർദിഷ്ട മേഖലകളിലും മാംസാഹാര ഭക്ഷണങ്ങളുടെ വിൽപ്പനയ്ക്കും സംഭരണത്തിനും സ്ഥിരമായ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഓഗസ്റ്റിലാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.

ഭരണഘടനയുടെ അനുച്ഛേദം 19(1)(g) ഉറപ്പുനൽകുന്ന തൊഴിൽ ചെയ്യാനും വ്യാപാരം നടത്താനുമുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് സർക്കാർ നടപടിയെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അസ്റാർ മൻസൂരി വാദിച്ചു.

നിരോധനത്തിന്റെ പേരിൽ അധികൃതർ തങ്ങളുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിക്കുകയും നിരന്തരം ബുദ്ധിമുട്ടിക്കുകയും ചെയ്തതായി ഹോട്ടലുടമകൾ ആരോപിച്ചു. നിയന്ത്രണങ്ങൾ വ്യാപാരത്തെയും ഉപജീവനത്തെയും ഗുരുതരമായി ബാധിച്ചെന്നും അവർ കോടതിയെ അറിയിച്ചു.

ഭക്ഷണശാല ഉടമകളിൽനിന്ന് നിർബന്ധിച്ച് ഉറപ്പുനൽകൽ വാങ്ങിയെന്ന് പരാതി

ഒക്ടോബർ ഏഴിന് നടന്ന വാദത്തിനിടെ പുതിയ ആരോപണങ്ങളും ഉയർന്നു. മാംസാഹാര വിൽപ്പന അവസാനിപ്പിച്ച് പൂർണമായും സസ്യാഹാര വിഭവങ്ങൾ മാത്രം വിൽക്കാമെന്ന് ഉറപ്പുനൽകുന്ന രേഖകളിൽ മംലത്താർ പൊലീസ് ഔട്ട്പോസ്റ്റിൽ വെച്ച് ഒപ്പിടുവിച്ചതായാണ് ഹർജിക്കാർ ആരോപിച്ചത്.

കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അന്നേ ദിവസം തന്നെ ഇത്തരം ഉറപ്പുനൽകലുകൾ വാങ്ങിയതിന്റെ സാഹചര്യം എന്താണെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിക്കുകയും ചെയ്തു.

മതവികാരം വ്രണപ്പെടുമെന്ന വാദവുമായി സർക്കാർ

സോമനാഥ് ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളിലെ ഭക്ഷണശാലകളിൽ മാംസാഹാര വിഭവങ്ങൾ വിൽക്കുന്നത് തീർഥാടകരുടെ മതവികാരത്തെ വ്രണപ്പെടുത്താൻ ഇടയാക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് മാംസാഹാര വിഭവങ്ങൾ കാണേണ്ടിവരുന്നത് മതപരമായ വികാരങ്ങളെ ബാധിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

വ്യാപാരികളുടെ ഉപജീവനാവകാശവും മതസ്ഥാപനങ്ങളുടെ പരിസരത്തെ നിയന്ത്രണങ്ങളും തമ്മിലുള്ള നിയമപരമായ തർക്കത്തിൽ നിർണായകമാണ് ഹൈക്കോടതിയുടെ നടപടി.