OICC ലേഡീസ് വിംഗും ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സ്തനാർബുദ ബോധവൽക്കരണ ക്ലാസും അനുബന്ധ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അൽ നഹീൽ ഇന്റർനാഷണൽ ക്ലിനിക്കിൽ (ജലീബ് അൽ ഷുയൂഖ്) വെച്ചാണ് പരിപാടി നടന്നത്.
സ്തനാർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം, സ്വയം പരിശോധനയിലൂടെ രോഗസാധ്യതകൾ എങ്ങനെ മനസ്സിലാക്കാം, രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ഡോ. ആദിത്യ രാജേന്ദ്രൻ വിശദമായ ബോധവൽക്കരണ ക്ലാസ് നയിച്ചു. രോഗം ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നതിന്റെയും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നതിന്റെയും പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് ഡോ. ഹിമാലിയുടെ നേതൃത്വത്തിൽ പങ്കെടുത്തവർക്കായി അനുബന്ധ മെഡിക്കൽ പരിശോധനയും കൺസൾട്ടേഷനും നടത്തി.
മുപ്പതോളം വനിതകൾ പങ്കെടുത്ത പരിപാടിയിൽ OICC ലേഡീസ് വിംഗ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും പുറമെ സംഘടനയുടെ ഭാരവാഹികളും പങ്കെടുത്തു.
ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ ശ്രീമതി മോന ഹസ്സൻ ചടങ്ങിൽ സന്നിഹിതരായ എല്ലാവർക്കും ഹൃദയപൂർവം സ്വാഗതം ആശംസിച്ചു. തുടർന്ന് ക്ലിനിക്കിലെ എച്ച്.ആർ മാനേജർ ശ്രീമതി ലൂസിയ വിൽസൺ ആമുഖ പ്രഭാഷണം നടത്തി.
ഓപ്പറേഷൻസ് മാനേജർ ശ്രീ. സുബൈർ, ബിസിനസ് ഡെവലപ്മെന്റ് ടീം അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി OICC ലേഡീസ് വിങ്ങിന്റെ സ്നേഹോപഹാരം ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന് OICC ആക്ടിംഗ് പ്രസിഡന്റ് ശ്രീ. ബി . എസ്. പിള്ളയും OICC ലേഡീസ് വിങ് ചെയർപേഴ്സൺ ശ്രീമതി ഷെറിൻ ബിജുവും ചേർന്ന് സമർപ്പിച്ചു. ജനറൽ സെക്രട്ടറി ശ്രീമതി ധന്യ മുകേഷ്, ട്രഷറർ ശ്രീമതി ടീബ ഇഞ്ചകളോടി, വൈസ് പ്രസിഡന്റ് ശ്രീമതി റാഫിയ അനസ്, ശ്രീമതി രജിത തുളസീദ്രൻ, ശ്രീമതി ജയലളിത കൃഷ്ണൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
സമൂഹത്തിന്റെ ക്ഷേമത്തിനും നന്മയ്ക്കുമായി OICC ലേഡീസ് വിങ് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് അഭിനന്ദിച്ചു. ആതുരസേവന രംഗത്ത് സമൂഹത്തിന് പ്രയോജനകരമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ OICC ലേഡീസ് വിംഗ് സന്തോഷവും നന്ദിയും രേഖപെടുത്തി.
സ്ത്രീകളുടെ ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, ആരോഗ്യപരമായ അവബോധം എന്നിവ ലക്ഷ്യമിട്ട് OICC ലേഡീസ് വിംഗ് സംഘടിപ്പിച്ച ഈ പരിപാടി ശ്രദ്ധേയമായി.