തെലുങ്ക് സിനിമയുടെ ചരിത്രവും ലെജൻഡുകളുടെ വിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് മെഗാസ്റ്റാർ ചിരഞ്ജീവി ഒടിടി ടോക്ക് ഷോ ലോകത്തിലേക്ക് കടക്കുന്നു.

'മാസ് കി ഗ്രാമർ, സ്റ്റൈൽ കി ഡെഫിനിഷൻ' (Mass ki grammar, style ki definition) എന്ന വിശേഷണത്തോടെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സാണ് ഈ പുതിയ നോൺ-ഫിക്ഷൻ പരമ്പര ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

തെലുങ്ക് ചലച്ചിത്രമേഖലയുടെ പൈതൃകവും അതുപോലെ ചിത്രസിനിമയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പ്രമുഖ വ്യക്തികളുടെ അനുഭവങ്ങളും കോർത്തിണക്കിയാണ് ഈ ഷോ ഒരുങ്ങുന്നത്.

​ഗോൾഡ് ബോക്സ് എൻ്റർടൈൻമെൻ്റ്സ്, ആറ്റം മീഡിയ വെഞ്ചേഴ്സ്, സോൾ പ്രൊഡക്ഷൻ എൽ.എൽ.പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ഷോയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

തെലുങ്ക് സിനിമയിലെ പ്രമുഖരായ ബ്രഹ്മാനന്ദം, സുനിൽ, സത്യ തുടങ്ങിയ പ്രശസ്ത ഹാസ്യനടന്മാർ ഷോയുടെ ആദ്യ എപ്പിസോഡുകളിൽ അതിഥികളായി എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ എപ്പിസോഡുകളുടെ എണ്ണത്തെക്കുറിച്ചോ മറ്റ് അതിഥികളുടെ ഔദ്യോഗിക പട്ടികയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

​മുമ്പ് ജനപ്രിയ ക്വിസ് ഷോയായ 'മീലോ എവരു കോടീശ്വരുഡു'-ന്റെ തെലുങ്ക് പതിപ്പ് അവതരിപ്പിച്ച് ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ചിരഞ്ജീവി തിളങ്ങിയിട്ടുണ്ട്.

എന്നാൽ ഒടിടി പ്ലാറ്റ്‌ഫോമിൽ ഒരു ടോക്ക് ഷോയ്ക്ക് നേതൃത്വം നൽകുന്നത് താരത്തിൻ്റെ ആദ്യത്തെ അനുഭവമാണ്. വൻ താരനിരയും ചിരഞ്ജീവിയുടെ തനതായ ഊഷ്മളതയും നർമ്മബോധവും ഒത്തുചേരുന്ന 'മെഗാവേഴ്സ്' പ്രേക്ഷകർക്ക് തികച്ചും പുതിയൊരു ദൃശ്യാനുഭവമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഷോയുടെ റിലീസ് തീയതിയും മറ്റ് വിശദാംശങ്ങളും നെറ്റ്ഫ്ലിക്സ് ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.