ഹൈദരാബാദ്: ഐഎഎസ് ഉദ്യോഗസ്ഥനാകണമെന്ന സ്വപ്നവുമായി ഹൈദരാബാദിലെത്തിയ യുവാവിന് സിവിൽ സർവീസ് പരീക്ഷയിൽ പ്രതീക്ഷിച്ച റാങ്ക് നേടാനായില്ല. എന്നാൽ ആ പരാജയം ജീവിതത്തിലെ പുതിയൊരു വഴിത്തിരിവായി മാറി. ഇന്ന് ഏകദേശം 130 കോടി രൂപ മൂല്യമുള്ള ആരോഗ്യകരമായ മധുരപലഹാര ബിസിനസിന്റെ സ്ഥാപകനാണ് സൻദീപ് ജംഗാല. ഭാര്യ സോണിയ ലാംബയ്ക്കൊപ്പം ആരംഭിച്ച 'യമ്മി ബീ' (Yummy Bee) എന്ന സംരംഭമാണ് അദ്ദേഹത്തെ സംരംഭക ലോകത്ത് ശ്രദ്ധേയനാക്കിയത്.

2022ലാണ് ഇരുവരും ചേർന്ന് യമ്മി ബീ എന്ന സംരംഭത്തിന് തുടക്കമിട്ടത്. ശുദ്ധീകരിച്ച പഞ്ചസാര, മൈദ, ഗ്ലൂട്ടൻ, പ്രിസർവേറ്റീവുകൾ എന്നിവ ഒഴിവാക്കിയുള്ള മധുരപലഹാരങ്ങൾ വിപണിയിലെത്തിക്കുകയായിരുന്നു ലക്ഷ്യം.

സ്വന്തം മകൾക്കായി തുടങ്ങിയ പരീക്ഷണം

സ്വന്തം കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകണമെന്ന ആഗ്രഹമാണ് ബിസിനസിന്റെ തുടക്കത്തിന് പിന്നിൽ. മകളുടെ ജന്മദിനത്തിന് കേക്ക് വാങ്ങുമ്പോൾ പോലും അതിലെ ചേരുവകളെക്കുറിച്ച് ദമ്പതികൾക്ക് ആശങ്കയുണ്ടായിരുന്നു. ഇതോടെയാണ് വീട്ടിൽ തന്നെ ആരോഗ്യകരമായ കേക്കുകളും മധുരപലഹാരങ്ങളും തയ്യാറാക്കാൻ സൻദീപ് പരീക്ഷണങ്ങൾ ആരംഭിച്ചത്.

തുടർന്ന് ഈ ആശയം വലിയൊരു ബിസിനസാക്കി മാറ്റാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. മില്ലറ്റ് അധിഷ്ഠിത ചേരുവകളും പഞ്ചസാരയ്ക്ക് പകരമുള്ള മധുരദായകങ്ങളും ഉപയോഗിച്ചാണ് ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നത്.

ക്ലൗഡ് കിച്ചണിൽനിന്ന് കഫേകളിലേക്ക്

വലിയ നിക്ഷേപം നടത്തി തുടക്കത്തിൽ തന്നെ കഫേ തുറക്കുന്നതിനുപകരം ക്ലൗഡ് കിച്ചൺ മാതൃകയിലാണ് സംരംഭം ആരംഭിച്ചത്. ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ഹൈദരാബാദിൽ ആദ്യ ഔട്ട്‌ലെറ്റ് തുറന്നു.

പിന്നീട് സിനിമാതാരങ്ങളും പ്രമുഖരും കഫേയിലെത്തിയത് ബ്രാൻഡിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു. ഹൈദരാബാദിലെ വിജയത്തിനുപിന്നാലെ ബെംഗളൂരുവിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.

ഒരു കോടി രൂപയുടെ പ്രാരംഭ നിക്ഷേപം

അടുക്കള സൗകര്യങ്ങൾ ഒരുക്കുന്നതിനും പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനുമായി ദമ്പതികൾ തുടക്കത്തിൽ ഏകദേശം ഒരു കോടി രൂപ ചെലവഴിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഹൈദരാബാദിലും ബെംഗളൂരുവിലും കേന്ദ്രീകൃത അടുക്കള സംവിധാനമാണ് കമ്പനി പിന്തുടരുന്നത്.

23 കോടി രൂപയുടെ വാർഷിക വരുമാനം

2025–26 സാമ്പത്തിക വർഷത്തിൽ യമ്മി ബീ ഏകദേശം 23 കോടി രൂപയുടെ വരുമാനം നേടിയതായി സ്ഥാപകൻ സൻദീപ് ജംഗാല വ്യക്തമാക്കി. കമ്പനിയുടെ നിലവിലെ മൂല്യം ഏകദേശം 130 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.

ക്ലൗഡ് കിച്ചൺ, റീട്ടെയിൽ കഫേകൾ എന്നിവയിലൂടെ പ്രവർത്തനം വ്യാപിപ്പിക്കുന്ന കമ്പനിക്ക് നൂറിലധികം ജീവനക്കാരുമുണ്ട്. കേക്കുകൾ, ഡെസേർട്ടുകൾ, പിസ, ബർഗർ, സാൻഡ്‌വിച്ചുകൾ, സലാഡുകൾ, പ്രഭാതഭക്ഷണ വിഭവങ്ങൾ, പാനീയങ്ങൾ തുടങ്ങി വിപുലമായ ഉൽപ്പന്നശേഖരവും യമ്മി ബീയ്ക്കുണ്ട്.

ഐഎഎസ് എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും പുതിയൊരു മേഖല കണ്ടെത്തി സ്വന്തം സംരംഭം കെട്ടിപ്പടുത്ത സൻദീപ് ജംഗാലയുടെ കഥ ശ്രദ്ധേയമാകുകയാണ്. സ്വന്തം കുടുംബത്തിന് ആരോഗ്യകരമായ ഭക്ഷണം കണ്ടെത്താനുള്ള ശ്രമത്തിൽനിന്ന് ആരംഭിച്ച ആശയം ഇന്ന് കോടികളുടെ മൂല്യമുള്ള ബിസിനസായി വളർന്നിരിക്കുന്നു.