കുവൈത്ത് സിറ്റി: അലി സബാഹ് അൽ സാലിം പ്രദേശത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി സെൻട്രൽ ജയിലിലേക്ക് കൈമാറി. നിയമനടപടികളുടെ ഭാഗമായി ഇയാൾ ഉപയോഗിച്ച വാഹനം ഇടിച്ചുനശിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അഹ്മദി സുരക്ഷാ വിഭാഗം വാഹനം തിരിച്ചറിഞ്ഞത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്ത് അലി സബാഹ് അൽ സാലിം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിന് കേസ് രജിസ്റ്റർ ചെയ്യുകയും വാഹനം പിടിച്ചെടുക്കൽ കേന്ദ്രത്തിൽ സൂക്ഷിക്കുകയും ചെയ്തു.

ട്രാഫിക് വിഭാഗത്തിന്റെ തുടർ അന്വേഷണത്തിലാണ് വാഹനം ഓടിച്ചയാളെ കണ്ടെത്തി പിടികൂടിയത്. റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അഭ്യാസപ്രകടനങ്ങൾക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനുമെതിരെ നടപടികൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.