കുവൈത്ത് സിറ്റി: അറബ് മോണിറ്ററി ഫണ്ടിന്റെ മൂലധന വർധനയിൽ കുവൈത്ത് നൽകേണ്ട വിഹിതം സംബന്ധിച്ച നിയമത്തിലെ പിശക് തിരുത്തി ഉത്തരവ് പുറത്തിറങ്ങി. നേരത്തേ രേഖപ്പെടുത്തിയിരുന്ന 1.25 മില്യൺ അറബ് അക്കൗണ്ടിങ് ദിനാറിന് പകരം 122.5 മില്യൺ അറബ് അക്കൗണ്ടിങ് ദിനാറാണ് ശരിയായ തുകയെന്ന് ഭേദഗതിയിൽ വ്യക്തമാക്കി.

2026ലെ ഏഴാം നമ്പർ നിയമ ഉത്തരവിന്റെ ഒന്നാം വകുപ്പാണ് പുതിയ ഭേദഗതിയിലൂടെ തിരുത്തിയത്. ഇതുസംബന്ധിച്ച 2026ലെ 124ാം നമ്പർ നിയമ ഉത്തരവ് ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗമി’ൽ പ്രസിദ്ധീകരിച്ചു.

ഫണ്ടിന്റെ ഗവർണർമാരുടെ സമിതി 2024ൽ അംഗീകരിച്ച മൂലധന വർധനയിൽ കുവൈത്തിന്റെ പങ്കാളിത്തം സംബന്ധിച്ച തുകയാണ് തിരുത്തിയത്. പുതിയ സാമ്പത്തിക വർധന പ്രഖ്യാപിക്കുന്നതിനു പകരം മുൻ നിയമത്തിൽ തെറ്റായി രേഖപ്പെടുത്തിയ തുക ശരിയാക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് വിശദീകരണക്കുറിപ്പിൽ പറയുന്നു.

വിഹിതം ആറുമാസത്തിലൊരിക്കൽ വീതമുള്ള 20 തുല്യ ഗഡുക്കളായി അടയ്ക്കണമെന്ന മുൻ വ്യവസ്ഥ തുടരും. ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ഭേദഗതി പ്രാബല്യത്തിൽ വന്നു.