വാഷിങ്ടൺ: ക്രിപ്റ്റോകറൻസി വ്യാപാര സ്ഥാപനമായ ബൈനാൻസിൽനിന്ന് വൻതോതിൽ ഡിജിറ്റൽ ആസ്തികൾ മോഷ്ടിച്ചതിന് പിന്നിൽ ഉത്തരകൊറിയയുമായി ബന്ധപ്പെട്ട ‘ട്രേഡർട്രെയ്റ്റർ’ സംഘമാണെന്ന് അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. ഒക്ടോബർ 29നോടടുത്ത് നടന്ന ആക്രമണത്തിൽ 600 കോടി ഡോളറിലധികം മൂല്യമുള്ള ആസ്തികൾ നഷ്ടപ്പെട്ടതായി എഫ്ബിഐയുടെ അറിയിപ്പിൽ വ്യക്തമാക്കി.

മോഷ്ടിച്ച ആസ്തികൾ പ്രധാനമായും ഈഥർ ക്രിപ്റ്റോകറൻസിയിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. യുഎസ് സീക്രട്ട് സർവീസും നികുതി വകുപ്പിന്റെ ക്രിമിനൽ അന്വേഷണ വിഭാഗവും ചേർന്നാണ് ഇടപാടുകൾ നിരീക്ഷിക്കുന്നത്.

പണം കൈമാറാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ വിലാസങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ തടയണമെന്ന് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കും ബ്ലോക്ക്ചെയിൻ വിശകലന സ്ഥാപനങ്ങൾക്കും എഫ്ബിഐ നിർദേശം നൽകി. വികേന്ദ്രീകൃത ധനകാര്യ സേവനങ്ങളും അതിവേഗ വിനിമയ സംവിധാനങ്ങളും ഉപയോഗിച്ച് ആസ്തികളുടെ ഉറവിടം മറയ്ക്കാൻ ശ്രമമുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്.

ആക്രമണം ബാധിച്ച ആസ്തികളുടെ മൂല്യം ഏകദേശം 630 കോടി ഡോളറാണ്. ഉപഭോക്താക്കളുടെ നഷ്ടം പൂർണമായി നികത്തുമെന്ന് ബൈനാൻസ് അറിയിച്ചു. നഷ്ടപ്പെട്ട ആസ്തികളിൽ 95 ശതമാനം തിരിച്ചുപിടിക്കുകയോ പകരം കണ്ടെത്തുകയോ ചെയ്തതായും പിൻവലിക്കൽ സേവനങ്ങൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.