ന്യൂഡൽഹി: കേരളത്തിന്റെ സമ്പന്നമായ ചരിത്രവും വായനാപാരമ്പര്യവും വിളിച്ചോതുന്ന അപൂർവ താളിയോല കൈയെഴുത്തുപ്രതികൾ ഡൽഹിയിൽ ശ്രദ്ധേയമാകുന്നു. ഇന്ത്യ ഇന്റർനാഷണൽ സെന്റർ സംഘടിപ്പിക്കുന്ന 'പ്രകൃതി കൾച്ചറൽ ഫെസ്റ്റിവലി'ന്റെ ഭാഗമായി ഒരുക്കിയ കേരള പവലിയനാണ് സന്ദർശകരുടെയും ഗവേഷകരുടെയും പൈതൃകപ്രേമികളുടെയും ശ്രദ്ധ നേടുന്നത്.

കേരളത്തിന്റെ ചരിത്രപരമായ രേഖകളും അപൂർവ കൈയെഴുത്തുപ്രതികളും ഉൾപ്പെടുത്തിയ പ്രദർശനം 'പാം ആൻഡ് പാർച്ച്മെന്റ്: കേരളത്തിന്റെ വായനാപാരമ്പര്യവും പൈതൃക അവശേഷിപ്പുകളും' എന്ന പേരിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കേരള സംസ്ഥാന പുരാരേഖാ വകുപ്പും കാര്യവട്ടത്തെ അന്താരാഷ്ട്ര തലത്തിലുള്ള കൈയെഴുത്തുപ്രതി ശേഖരമുള്ള മാനുസ്ക്രിപ്റ്റ് ലൈബ്രറിയും ചേർന്നാണ് യഥാർഥ ചരിത്രരേഖകൾ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.

കേരളത്തിന്റെ പാരമ്പര്യ വിജ്ഞാനശേഖരവും പുരാതന വായനാസംസ്കാരവും പരിചയപ്പെടുത്തുന്ന പ്രദർശനം വിദ്യാർഥികൾക്കും ഗവേഷകർക്കും ചരിത്രപഠനത്തിൽ താൽപര്യമുള്ളവർക്കും പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്.

കേരളത്തിന്റെ താളിയോല രേഖകളിലൂടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അറിവുകളും ചരിത്രവും ഡൽഹിയിലെത്തിക്കുന്ന ഈ പ്രദർശനം സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന് ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കാൻ വഴിയൊരുക്കുകയാണ്.