കംബോഡിയ: മൂന്ന് വർഷംകൊണ്ട് ഏഴ് ഭൂഖണ്ഡങ്ങളിലൂടെ ലോകം ചുറ്റാമെന്ന വാഗ്ദാനവുമായി പുറപ്പെട്ട ആഡംബര ക്രൂയിസ് കപ്പലിന്റെ യാത്ര ഇന്ധന പ്രതിസന്ധിയെ തുടർന്ന് പാതിവഴിയിൽ നിലച്ചു. അമേരിക്കൻ കമ്പനിയായ വില്ല വീ റെസിഡൻസസിന്റെ ഉടമസ്ഥതയിലുള്ള 'എംവി ഒഡീസി' കപ്പൽ കംബോഡിയയിലെ സിഹാനൂക്വിൽ തുറമുഖത്ത് യാത്ര നിർത്തിയതോടെ ഏകദേശം 200 യാത്രക്കാരാണ് പ്രതിസന്ധിയിലായത്.
2024 ഒക്ടോബറിൽ വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ നിന്നാണ് കപ്പൽ യാത്ര ആരംഭിച്ചത്. മൂന്ന് വർഷം നീളുന്ന ലോകപര്യടനത്തിൽ ഏഴ് ഭൂഖണ്ഡങ്ങളിലായി നൂറുകണക്കിന് സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. കപ്പലിൽ സ്ഥിരതാമസത്തിനുള്ള മുറികൾക്ക് ഏകദേശം 1.3 ലക്ഷം ഡോളർ മുതലായിരുന്നു വില.
ഇറാനിലെ യുദ്ധത്തെ തുടർന്നുണ്ടായ ഇന്ധനവില വർധനയാണ് യാത്ര മുടങ്ങാൻ കാരണമായതെന്ന് കമ്പനി അറിയിച്ചു. ഒരു കാബിനുമായി ബന്ധപ്പെട്ട പ്രതിമാസ ഇന്ധനച്ചെലവ് നേരത്തെ ശരാശരി 1,800 ഡോളറായിരുന്നെങ്കിൽ ഏഷ്യൻ മേഖലകളിൽ ഇത് 6,000 മുതൽ 8,000 ഡോളർ വരെ ഉയർന്നതായാണ് റിപ്പോർട്ട്. യാത്രയുടെ വേഗം കുറയ്ക്കുകയും തുറമുഖങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്ത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും ചെലവ് നിയന്ത്രിക്കാനായില്ല.
കപ്പലിൽ 203 യാത്രക്കാരും 156 ജീവനക്കാരുമുണ്ടായിരുന്നുവെന്നാണ് കംബോഡിയൻ അധികൃതർ വ്യക്തമാക്കിയത്. യാത്രക്കാർക്ക് കപ്പലിൽ നിന്ന് ഇറങ്ങേണ്ടിവന്നതോടെ താമസസൗകര്യം കണ്ടെത്തുന്നതും തുടർയാത്ര ക്രമീകരിക്കുന്നതും വലിയ വെല്ലുവിളിയായി. യാത്രക്കാർക്ക് ആവശ്യമായ താമസസൗകര്യം ഒരുക്കുന്നതിൽ കമ്പനി വേണ്ടത്ര സഹായിച്ചില്ലെന്ന് ചിലർ ആരോപിച്ചു. താമസച്ചെലവും കംബോഡിയയിൽനിന്നുള്ള തുടർയാത്രാ ചെലവും കമ്പനി വഹിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
കാൻസർ ചികിത്സയ്ക്കായി തായ്ലൻഡിലേക്ക് പോകാൻ തീരുമാനിച്ച യാത്രക്കാരനായ റാണ്ടി കാസിംഗ്ഹാമും പ്രതിസന്ധി നേരിടുന്നവരിലുണ്ട്. കപ്പലിൽ താമസിക്കുന്നത് ചികിത്സയ്ക്കിടയിലെ യാത്രാ ബുദ്ധിമുട്ടുകൾ കുറച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ താമസസൗകര്യം കണ്ടെത്തേണ്ട സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധനച്ചെലവിനായി യാത്രക്കാരോട് പ്രതിമാസം 500 ഡോളർ അധികമായി നൽകാൻ കമ്പനി ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ നിർദേശം യാത്രക്കാരിൽ നിന്ന് എതിർപ്പിന് ഇടയാക്കി. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി മാസങ്ങളായി തുടരുകയായിരുന്നുവെന്നും നിക്ഷേപകരിൽനിന്ന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ പല പരിഹാരശ്രമങ്ങളും നടത്തിയിരുന്നുവെന്നും ചില യാത്രക്കാർ വെളിപ്പെടുത്തി.
കമ്പനിയുടെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനും പുതിയ സാമ്പത്തിക സഹായം കണ്ടെത്തുന്നതിനുമായി അടുത്ത 60 ദിവസത്തിനുള്ളിൽ നടപടികൾ സ്വീകരിക്കാനാണ് വില്ല വീ റെസിഡൻസസിന്റെ നീക്കം. യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ പിന്തുണ നൽകുന്നതിനാണ് നിലവിൽ മുൻഗണനയെന്നും കമ്പനി അറിയിച്ചു.
അതേസമയം, യാത്ര പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷ കൈവിടാത്തവരും യാത്രക്കാരിലുണ്ട്. ചിലർ കപ്പൽ തന്നെ വാങ്ങി പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. എന്നാൽ ലോകപര്യടനം എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.