കുവൈത്ത് സിറ്റി: കൂടുതൽ ഇന്ത്യൻ നഴ്‌സുമാരെയും സാങ്കേതിക വിദഗ്ധരെയും കുവൈത്തിലേക്ക് നിയമിക്കുന്നതിന് ആവശ്യകത നിലനിൽക്കുന്നതായി ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി അറിയിച്ചു. ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഇന്ത്യ–കുവൈത്ത് മാധ്യമ സമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ആരോഗ്യരംഗത്തും സാങ്കേതിക തൊഴിലുകളിലും ഇന്ത്യൻ ജീവനക്കാരുടെ സേവനത്തിനുള്ള ആവശ്യകത തുടരുന്നതായി അംബാസഡർ വ്യക്തമാക്കി. വിവിധ സുപ്രധാന മേഖലകളിൽ ഇന്ത്യൻ തൊഴിലാളികൾ നൽകുന്ന സംഭാവനകൾ തുടരുന്നതിന്റെ സൂചനയാണിതെന്നും അവർ പറഞ്ഞു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ വിപുലീകരിക്കാൻ അവസരങ്ങളുണ്ടെന്നും ത്രിപാഠി അറിയിച്ചു. കുവൈത്ത് ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ നിക്ഷേപ സാധ്യതകളും അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ചു.

അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക്‌സ്, ഭക്ഷ്യവ്യവസായം എന്നീ മേഖലകളിൽ സംയുക്ത നിക്ഷേപങ്ങൾക്ക് സാധ്യതയുണ്ട്. അവസരങ്ങൾ കണ്ടെത്തുന്നതിനും പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള ചർച്ചയും ഏകോപനവും തുടരേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.