ബെർലിൻ: ജീവിതച്ചെലവ് വർധന, വിദ്യാഭ്യാസ മേഖലയിലെ ചെലവുചുരുക്കൽ, സൈനിക ചെലവ് വർധിപ്പിക്കാനുള്ള നീക്കം എന്നിവയ്ക്കെതിരെ ജർമനിയിൽ ജെൻ സി തലമുറയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. ഹാലോവീൻ ദിനമായ ഒക്ടോബർ 31ന് രാജ്യത്തെ 34 നഗരങ്ങളിലാണ് ആയിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങിയത്. പകൽസമയത്ത് സമാധാനപരമായി നടന്ന പ്രതിഷേധങ്ങൾ വൈകിട്ടോടെ ഫ്രാങ്ക്ഫർട്ട്, ബെർലിൻ, കൊളോൺ, ഹാംബർഗ് തുടങ്ങിയ നഗരങ്ങളിൽ സംഘർഷത്തിലേക്ക് നീങ്ങി.

'GenZ regelt!' എന്ന യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കുക, ജീവിതച്ചെലവ് കുറയ്ക്കുക, പൊതുസേവന മേഖലകളിലെ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നത് അവസാനിപ്പിക്കുക, നിർബന്ധിത സൈനിക സേവനത്തിനുള്ള നീക്കങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭകർ മുന്നോട്ടുവെച്ചത്.

ഫ്രാങ്ക്ഫർട്ടിൽ ചില പ്രതിഷേധക്കാർ കടകൾ കൊള്ളയടിക്കുകയും വ്യാപാരസ്ഥാപനങ്ങളുടെ ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്തു. പൊലീസിന് നേരെ കല്ലുകളും പടക്കങ്ങളും എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കിയും പെപ്പർ സ്പ്രേയും പ്രയോഗിച്ചു. നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. ബെർലിനിലും കൊളോണിലും ഹാംബർഗിലും സമാനമായ സംഘർഷങ്ങളുണ്ടായി.

അക്രമത്തിന് പിന്നിൽ തീവ്രവാദി സംഘങ്ങളെന്ന് പൊലീസ്

സമാധാനപരമായ പ്രതിഷേധങ്ങളിൽ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ നുഴഞ്ഞുകയറിയതാണ് അക്രമങ്ങൾക്ക് കാരണമായതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഫ്രാങ്ക്ഫർട്ടിൽ നൂറോളം ഇടതുപക്ഷ തീവ്രവാദികളെ തിരിച്ചറിഞ്ഞതായി ഹെസ്സെ സംസ്ഥാന ആഭ്യന്തര മന്ത്രി റോമൻ പോസെക്ക് വ്യക്തമാക്കി. ഫ്രാൻസിൽ അടുത്തിടെ ഉണ്ടായതുപോലുള്ള അക്രമസംഭവങ്ങൾ ജർമനിയിലും ആവർത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എന്നാൽ അക്രമസംഭവങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ 'GenZ regelt!' കൂട്ടായ്മ വ്യക്തമാക്കി. വംശീയതയ്ക്കും വിദ്വേഷ പ്രസംഗങ്ങൾക്കും തീവ്രവാദ സംഘടനകൾക്കും തങ്ങളുടെ പ്രക്ഷോഭത്തിൽ സ്ഥാനമില്ലെന്നും സംഘടന അറിയിച്ചു.

യുവതലമുറയുടെ രോഷത്തിന് പിന്നിലെന്ത്?

ജർമനിയിലെ സ്കൂളുകളുടെയും സർവകലാശാലകളുടെയും മോശം അവസ്ഥ, വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി, തൊഴിലവസരങ്ങളെക്കുറിച്ചുള്ള ആശങ്ക, ഉയർന്ന ജീവിതച്ചെലവ് എന്നിവയാണ് യുവാക്കളെ തെരുവിലിറക്കിയത്. വിദ്യാഭ്യാസത്തിനും പൊതുസേവനങ്ങൾക്കും പണം അനുവദിക്കേണ്ട സമയത്ത് സൈനിക ചെലവുകൾ വർധിപ്പിക്കുന്ന സർക്കാർ നയത്തിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്.

പുതിയ സൈനിക സേവന മാതൃക ഭാവിയിൽ നിർബന്ധിത സൈനിക സേവനത്തിലേക്ക് വഴിമാറുമെന്ന ആശങ്കയും യുവാക്കൾ പങ്കുവെക്കുന്നു. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ സർക്കാരിന്റെ സാമ്പത്തിക മുൻഗണനകളെയും പ്രതിഷേധക്കാർ ചോദ്യം ചെയ്യുന്നു.

പ്രതീക്ഷിച്ചത്ര പങ്കാളിത്തമില്ല

34 നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ച സംഘാടകർ തുടക്കത്തിൽ ഏകദേശം 1.82 ലക്ഷം പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം പങ്കാളിത്തം പ്രതീക്ഷിച്ചതിലും കുറവായിരുന്നു. പിന്നീട് രാജ്യവ്യാപകമായി ഏകദേശം 1.20 ലക്ഷം പേർ പങ്കെടുത്തെന്നാണ് സംഘാടകർ അറിയിച്ചത്.

അതേസമയം, പ്രതിഷേധത്തിന്റെ നേതൃത്വം സംബന്ധിച്ചും ജർമനിയിൽ ചർച്ചകൾ ഉയരുന്നുണ്ട്. ദേശീയ സ്കൂൾ വിദ്യാർഥി സംഘടനയായ BSK പ്രക്ഷോഭത്തിൽനിന്ന് അകലം പാലിക്കുകയും നവംബർ 20ന് പ്രത്യേക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഫ്രാൻസ്, ഇറ്റലി, സെർബിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ യുവജന പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെയാണ് ജർമനിയിലും ജെൻ സി പ്രതിഷേധം വ്യാപിക്കുന്നത്. യുവതലമുറയുടെ ആവശ്യങ്ങൾ സർക്കാർ എങ്ങനെ പരിഗണിക്കുമെന്നതും പ്രതിഷേധങ്ങൾ കൂടുതൽ വ്യാപിക്കുമോയെന്നതുമാണ് ഇനി ശ്രദ്ധേയമാകുന്നത്

image credit- jazeera