വിയന്ന: കടുപ്പമേറിയ മാർബിളിൽ തീർത്ത ശിൽപം നേർത്ത സുതാര്യമായ തുണികൊണ്ട് മുഖം മറച്ച സ്ത്രീയുടെ രൂപമായി മാറിയപ്പോൾ കലാലോകം വിസ്മയിച്ചു. ഇറ്റാലിയൻ ബറോക്ക് കാലഘട്ടത്തിലെ പ്രശസ്ത ശിൽപി അന്റോണിയോ കൊറാഡിനിയുടേതെന്ന് പുതുതായി തിരിച്ചറിഞ്ഞ മാർബിൾ ശിൽപമാണ് വിയന്നയിൽ നടന്ന ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയത്. 19.25 ലക്ഷം യൂറോയ്ക്കാണ് (ഏകദേശം 20 കോടി രൂപ) ശിൽപം വിറ്റത്.
'ഡോണ വെലാറ്റ' (Donna Velata) എന്ന് പേരുള്ള ഈ ശിൽപം ഒക്ടോബർ 20ന് വിയന്നയിലെ ഡൊറോത്തിയം ലേലശാലയിൽ നടന്ന കലാസൃഷ്ടികളുടെ ലേലത്തിലാണ് വിറ്റത്. 12,000 മുതൽ 16,000 യൂറോ വരെ മാത്രമായിരുന്നു ശിൽപത്തിന് ആദ്യം കണക്കാക്കിയിരുന്ന വില. എന്നാൽ പ്രതീക്ഷകളെല്ലാം മറികടന്ന് ഏകദേശം 160 മടങ്ങ് ഉയർന്ന തുകയ്ക്കാണ് ലേലം അവസാനിച്ചത്.
മാർബിളിൽ തീർത്ത സുതാര്യമായ മുഖാവരണം
വെള്ള മാർബിളിൽ കൊത്തിയെടുത്ത 60 സെന്റിമീറ്റർ ഉയരമുള്ള സ്ത്രീയുടെ അർധകായ ശിൽപമാണിത്. അടിത്തറയുൾപ്പെടെ ആകെ ഉയരം 75 സെന്റിമീറ്ററാണ്. സ്ത്രീയുടെ മുഖത്തുകൂടി വീണുകിടക്കുന്ന നേർത്ത മുഖാവരണം യഥാർഥ തുണിപോലെ തോന്നിക്കുന്നതാണ് ശിൽപത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കട്ടിയുള്ള മാർബിൾ കല്ലിനെ സുതാര്യമായ വസ്ത്രത്തിന്റെ പ്രതീതിയിലേക്ക് മാറ്റിയ ശിൽപിയുടെ അസാധാരണമായ വൈദഗ്ധ്യമാണ് കലാസ്വാദകരെ അത്ഭുതപ്പെടുത്തുന്നത്. മുഖാവരണത്തിനടിയിലുള്ള സ്ത്രീയുടെ മുഖഭാവങ്ങളും സൂക്ഷ്മമായ രൂപവിവരങ്ങളും അതീവ മനോഹരമായാണ് കൊത്തിയെടുത്തിരിക്കുന്നത്.
ശിൽപിയുടെ ഉടമസ്ഥാവകാശം സ്ഥിരീകരിച്ചത് അവസാന നിമിഷം
ഇറ്റലിയിലെ വെനീസിലുള്ള കാ റെസ്സോണിക്കോ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഇതേ ശിൽപത്തിന്റെ പ്ലാസ്റ്റർ മാതൃക അടുത്തിടെ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെയാണ് ശ്രദ്ധയിൽപ്പെട്ടത്. ഈ മാതൃകയുമായി താരതമ്യം ചെയ്താണ് വിയന്നയിൽ ലേലത്തിന് എത്തിയ മാർബിൾ ശിൽപത്തിന് അന്റോണിയോ കൊറാഡിനിയുമായുള്ള ബന്ധം കണ്ടെത്തിയത്.
ലേലത്തിന് തൊട്ടുമുമ്പാണ് ഈ പുതിയ തിരിച്ചറിയൽ ഉണ്ടായതെന്ന് ലേലശാല അറിയിച്ചു. അതുകൊണ്ടുതന്നെ ശിൽപത്തിന്റെ യഥാർഥ കലാമൂല്യം സംബന്ധിച്ച വിലയിരുത്തലിൽ വലിയ മാറ്റമുണ്ടായി.
വിയന്നയുമായും അടുത്ത ബന്ധം
1688ൽ വെനീസിൽ ജനിച്ച അന്റോണിയോ കൊറാഡിനി (1688–1752) മുഖാവരണം ധരിച്ച സ്ത്രീരൂപങ്ങൾ കൊത്തിയെടുക്കുന്നതിൽ പ്രശസ്തനായിരുന്നു. ഡ്രെസ്ഡൻ, സെന്റ് പീറ്റേഴ്സ്ബർഗ് തുടങ്ങിയ നഗരങ്ങളിലെ രാജകീയ കേന്ദ്രങ്ങളിലും അദ്ദേഹത്തിന്റെ ശിൽപങ്ങൾ എത്തിയിരുന്നു.
പിന്നീട് ഏകദേശം പത്തുവർഷത്തോളം വിയന്നയിൽ താമസിച്ച അദ്ദേഹം ചാൾസ് ആറാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ഔദ്യോഗിക ശിൽപിയായും പ്രവർത്തിച്ചു. വിയന്നയിലെ പ്രശസ്തമായ മാര്യേജ് ഫൗണ്ടനിലെ ശിൽപങ്ങളും അദ്ദേഹത്തിന്റെ കലാസൃഷ്ടികളിൽ ഉൾപ്പെടുന്നു.
ലേലത്തിൽ നേരിട്ടും ടെലിഫോൺ വഴിയും നിരവധി പേർ പങ്കെടുത്തിരുന്നു. ഒടുവിൽ ടെലിഫോൺ വഴി ലേലത്തിൽ പങ്കെടുത്ത ഒരാൾക്കാണ് ശിൽപം സ്വന്തമായത്. വാങ്ങിയ വ്യക്തിയുടെ പേര് പുറത്തുവിട്ടിട്ടില്ല.
മാർബിൾ കല്ലിൽ തുണിയുടെ സുതാര്യതയും മനുഷ്യന്റെ മുഖഭാവങ്ങളും ഇത്രയേറെ സ്വാഭാവികമായി അവതരിപ്പിച്ച ഈ അപൂർവ കലാസൃഷ്ടി ഇപ്പോൾ ശിൽപകലയുടെ ലോകത്തെ പുതിയ റെക്കോർഡായി മാറിയിരിക്കുകയാണ്.