നിലവിലെ ക്യാമ്പയിനിൽ ലഭിച്ചത് 1.65 കോടിയിലധികം ദിനാർ; സംഭാവന നൽകിയത് 1,38,328 പേർ

കുവൈത്ത് സിറ്റി: കടബാധ്യതകൾ തീർക്കാൻ കഴിയാതെ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിനായി അടുത്ത റമദാനിൽ വിപുലമായ ‘ഗാരിമീൻ’ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത് അറിയിച്ചു. നീതിന്യായ മന്ത്രാലയത്തിനു പുറമേ എല്ലാ സർക്കാർ വകുപ്പുകളെയും പങ്കാളികളാക്കിയാണ് പുതിയ ക്യാമ്പയിന് ഒരുക്കം നടത്തുന്നത്.

കഴിഞ്ഞ റമദാനിൽ ആരംഭിച്ച ക്യാമ്പയിൻ ലക്ഷ്യമിട്ട തുകയുടെ സമാഹരണം പൂർത്തിയാക്കി വിജയകരമായി സമാപിച്ചതായി മന്ത്രി വ്യക്തമാക്കി. ആകെ 1,65,39,659 കുവൈത്ത് ദിനാർ സംഭാവനയായി ലഭിച്ചു. 1,38,328 പേരാണ് ക്യാമ്പയിനിലേക്ക് സംഭാവന നൽകിയത്.

നിലവിലെ ക്യാമ്പയിൻ അസാധാരണമായ ഫലമാണ് കൈവരിച്ചതെന്ന് അൽ സുമൈത് പറഞ്ഞു. ഇതിന്റെ തുടർച്ചയായി കൂടുതൽ വിപുലമായ പങ്കാളിത്തത്തോടെ അടുത്ത റമദാനിലെ സഹായപ്രവർത്തനം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.

പുതിയ ക്യാമ്പയിൻ നീതിന്യായ മന്ത്രാലയത്തിൽ മാത്രം ഒതുങ്ങില്ലെന്നും എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.