പല മേഖലകളിലും കേരളം രാജ്യത്തിന് മാതൃകയാണെന്നും ഇക്കാര്യത്തിൽ കേരള പോലീസ് നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണെന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ പറഞ്ഞു. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന റൈസിങ് ഡേ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ക്രമസമാധാനം, സുരക്ഷ, സാമൂഹിക നീതി തുടങ്ങിയവ പരിപാലിക്കുന്നതിലും അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിച്ചുപോരുന്നതിലും കേരള പോലീസ് വഹിച്ച പങ്ക് നിർണായകമാണ്. ജനസേവനം, ദുരന്തനിവാരണം, സൈബർ സുരക്ഷിതത്വം എന്നിവയിലെല്ലാം കേരള പോലീസ് അർപ്പണബോധത്തോടെയാണ് പ്രവർത്തിച്ചുവരുന്നത്. ജനസേവനത്തിനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയ പോലീസ് സേനാംഗങ്ങളുള്ള നാടാണ് കേരളം. പ്രൊഫഷണലിസം, അർപ്പണബോധം, സഹാനുഭൂതി തുടങ്ങിയ സമീപനത്തിലൂടെ കേരള പോലീസിന്റെ ഭാവിയിലേക്കുള്ള പ്രവർത്തനം കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ചസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച 281 പോലീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പത്ത് പ്ലാറ്റൂണുകളിലായി വിവിധ ബറ്റാലിയനുകൾ, തിരുവനന്തപുരം സിറ്റി, കോസ്റ്റൽ പോലീസ്, കെ-9 സ്ക്വാഡ്, മൗണ്ടഡ് പോലീസ്, പോലീസ് ട്രെയിനിങ് കോളേജിനെയും കേരള പോലീസ് അക്കാദമിയെയും പ്രതിനിധാനം ചെയ്യുന്ന പ്ലാറ്റൂണുകൾ എന്നിവയാണ് പരേഡിൽ അണിനിരന്നത്.
ചടങ്ങിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഇന്റലിജൻസ് വിഭാഗം എ.ഡി.ജി.പി. ദിനേന്ദ്ര കശ്യപ്, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. പി. വിജയൻ, പോലീസ് ആസ്ഥാനത്തെ ഐ.ജി. ഹർഷിത അത്തലൂരി, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.