ദോഹ: ഖത്തറിലെ വാതകക്കപ്പൽ ഗതാഗത കമ്പനിയായ നഖിലാത്തിന്റെ ‘അൽ മായിദ’ ദ്രവീകൃത പ്രകൃതിവാതകക്കപ്പലിന് നേരെ അറേബ്യൻ ഗൾഫിൽ ആക്രമണം. വെള്ളിയാഴ്ച വൈകുന്നേരം കപ്പൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാത വസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണമുണ്ടായതായി കമ്പനി അറിയിച്ചു.

ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ല. സംഭവത്തെത്തുടർന്ന് പരിസ്ഥിതിക്ക് ദോഷമുണ്ടായിട്ടില്ലെന്നും ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ അറിയിപ്പിൽ കമ്പനി വ്യക്തമാക്കി.

കപ്പൽ സുരക്ഷിതാവസ്ഥയിലാണ്. നിയന്ത്രണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും സംഭവത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണെന്നും കമ്പനി അറിയിച്ചു. കപ്പലുമായും ജീവനക്കാരുമായും സമുദ്രസുരക്ഷാ ഏജൻസികളുമായും ഏകോപനം തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദികളെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.