വാഷിങ്ടൺ: സ്കൂളുകളിലും ക്ലാസ് മുറികളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുന്ന ഗൂഗിളിന്റെ നടപടികൾക്കെതിരെ ആശങ്കയുമായി അമേരിക്കൻ സെനറ്റർമാർ. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയ്ക്ക് ഒൻപത് ചോദ്യങ്ങളടങ്ങിയ കത്തയച്ച് വിശദീകരണം തേടി സെനറ്റർമാരായ റിച്ചാർഡ് ബ്ലൂമെൻതാളും ജോഷ് ഹൗലിയും രംഗത്തെത്തി.

വിദ്യാർഥികളുടെ പഠനനിലവാരത്തെയും മാനസികാരോഗ്യത്തെയും എഐ ഉപകരണങ്ങളുടെ അമിത ഉപയോഗം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന ആശങ്കയാണ് സെനറ്റർമാർ ഉന്നയിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസപരവും വൈകാരികവുമായ വളർച്ചയിൽ ഗൂഗിളിന്റെ എഐ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

എഐ പഠനശേഷിയെ ബാധിക്കുന്നുവെന്ന് ആരോപണം

വാൾസ്ട്രീറ്റ് ജേണൽ നടത്തിയ അന്വേഷണത്തെ ഉദ്ധരിച്ചാണ് സെനറ്റർമാർ ആശങ്ക പ്രകടിപ്പിച്ചത്. 60ലധികം അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, ആരോഗ്യവിദഗ്ധർ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളിൽ ക്ലാസ് മുറികളിലെ എഐ ഉപയോഗം വിദ്യാർഥികളുടെ സ്വതന്ത്രമായി ചിന്തിക്കാനും പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കാനുമുള്ള കഴിവിനെ ബാധിക്കുന്നതായി കണ്ടെത്തിയെന്നാണ് കത്തിലെ പരാമർശം.

എഐ ഉപയോഗിച്ച് ഗണിതത്തിലെ ഗൃഹപാഠം പൂർത്തിയാക്കിയിട്ടും പരീക്ഷയിൽ പരാജയപ്പെട്ട പെൻസിൽവാനിയയിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ അനുഭവവും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗൂഗിളിനോട് ഒൻപത് ചോദ്യങ്ങൾ

ജെമിനി, എഐ ഓവർവ്യൂസ്, എഐ മോഡ് തുടങ്ങിയ സംവിധാനങ്ങൾ കുട്ടികളുടെ മാനസികക്ഷേമത്തെ എങ്ങനെ ബാധിക്കുന്നുവെന്ന കാര്യത്തിൽ ഗൂഗിൾ നടത്തിയ പഠനങ്ങളുടെ വിവരങ്ങളാണ് സെനറ്റർമാർ ആദ്യം ആവശ്യപ്പെട്ടിരിക്കുന്നത്.

സ്കൂളുകൾക്കായി നൽകുന്ന ഉപകരണങ്ങളിൽ എഐ സംവിധാനങ്ങൾ സ്ഥിരമായി ഉൾപ്പെടുത്തുന്നതിന്റെ കാരണവും ചില ഉപകരണങ്ങളിൽ അവ പ്രവർത്തനരഹിതമാക്കാൻ കഴിയാത്തതിന്റെ വിശദീകരണവും തേടിയിട്ടുണ്ട്.

അധ്യാപകരിൽനിന്നും രക്ഷിതാക്കളിൽനിന്നും സ്കൂൾ അധികൃതരിൽനിന്നും എഐ ഉപയോഗത്തെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടോയെന്നും അത്തരം പരാതികളിൽ ഗൂഗിൾ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

സ്കൂളുകളിൽ എഐ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിൾ നടത്തുന്ന പദ്ധതികൾക്കും പ്രചാരണ പരിപാടികൾക്കുമായി ചെലവഴിച്ച തുകയുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തപരമായ എഐ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അധ്യാപകർക്ക് നൽകിയ പരിശീലനങ്ങളും മാർഗനിർദേശങ്ങളും വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ, കുട്ടികളിൽ എഐയോടുള്ള വൈകാരിക ആശ്രിതത്വം വളരുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും ഇത്തരം പ്രശ്നങ്ങൾ തടയാൻ കമ്പനി സ്വീകരിച്ച സുരക്ഷാ നടപടികൾ എന്തൊക്കെയാണെന്നും സെനറ്റർമാർ ചോദിച്ചിട്ടുണ്ട്.

നവംബർ രണ്ടിനകം മറുപടി നൽകണം

2026 നവംബർ രണ്ടിനകം ഒൻപത് ചോദ്യങ്ങൾക്കും മറുപടി നൽകണമെന്നാണ് സുന്ദർ പിച്ചൈയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗൂഗിളിന്റെ സ്വന്തം ഗവേഷകർ പോലും കുട്ടികളിൽ എഐ ഉപയോഗം സൃഷ്ടിക്കാവുന്ന അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന കാര്യവും സെനറ്റർമാർ കത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, അധ്യാപകരുമായി സഹകരിച്ചാണ് വിദ്യാഭ്യാസ മേഖലയ്ക്കായി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതെന്നും വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ക്ലാസ് മുറികളിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിനുമാണ് ഇത്തരം സംവിധാനങ്ങൾ സഹായിക്കുന്നതെന്നുമാണ് ഗൂഗിളിന്റെ നിലപാട്. 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിൽ എഐയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ പഠനശേഷി, സ്വതന്ത്ര ചിന്ത, മാനസികക്ഷേമം എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾ അമേരിക്കയിൽ ശക്തമാകുകയാണ്.

Image credit:x(twiter)