PSC യുടെ ഒന്നാം റാങ്കും നിയമനവും ജിതിന്
പിണറായി സർക്കാർ രാജിവയ്ക്കും മുമ്പ് പിഎസ്സിയുടെ നിയമന ശിപാർശ
തിരുവനന്തപുരം :
കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) നടത്തുന്ന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP) സ്പെഷ്യൽ റിക്രൂട്ട്മെന്റിൽ, മുൻ എസ്എഫ്ഐ നേതാവിന് വഴിവിട്ട് ഒന്നാം റാങ്ക് നൽകി നിയമന ശുപാർശ നടത്തിയതായി പരാതി.പോലീസ് ബറ്റാലിയൻ കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിൽ പോലും ഉൾപ്പെടാതിരുന്ന എറണാകുളം മഹാരാജാസ് കോളേജിലെ മുൻ SFI നേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ജിതിൻ കെ.ജെ. എന്ന ഉദ്യോഗാർത്ഥിക്കാണ് Dysp മാരുടെ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നൽകി നിയമനം നൽകിയിരിക്കുന്നത്.
2019-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്തു കേസ് പ്രതികൾ PSC യുടെ പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ആദ്യ റാങ്കുകളിൽ കടന്നു കൂടിയ തട്ടിപ്പിന് സമാനമായ ക്രമക്കേടാണ് ഇതിലും നടന്നിട്ടുള്ളത്. ഗ്രേസ് മാർക്ക്
ആനുകൂല്യത്തിൽ മൂന്നാം ക്ലാസിൽ ബി കോം പാസായ വ്യക്തിയാണ്, സബ് ഇൻസ്പെക്ടർ, യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ്, ഹൈക്കോടതി അസിസ്റ്റൻ്റ്, ഗവ. ഓഡിറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന മത്സര പരീക്ഷ എഴുതിയ ഉയർന്ന യോഗ്യതയുള്ളവരെ പിന്തള്ളി ഒന്നാം റാങ്ക് നേടിയത്. എറണാകുളം ജില്ലയിലെ വിവിധ കോളേജ് പ്രിൻസിപ്പൽമാരെ കൈയേറ്റം ചെയ്തതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഉൾപ്പെടെ നിരവധി FIR-കൾ ജിതിന്റെ പേരിൽ നിലവിലുണ്ട്.
ചുരുങ്ങിയ സമയത്തിനുള്ളിൽ നിലവിൽ വന്ന ഈ റാങ്ക് ലിസ്റ്റിലെ PSC യുടെ അടിയന്തര നടപടികളിൽ വലിയ ദുരൂഹതയാണ് നിലനിൽക്കുന്നത്. 2025 സെപ്റ്റമ്പറിലാണ് DySP തസ്തികയിലേക്ക് 17,000-ത്തോളം പേരിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്. സാധാരണ മാസങ്ങൾ നീളുന്ന നടപടികൾ വേഗത്തിലാക്കി, ഡിസംബർ 25-ന് തന്നെ എഴുത്തുപരീക്ഷ നടത്തി. തുടർന്ന് 2026 മാർച്ച് 26-ന് ഫിസിക്കൽ ടെസ്റ്റും, ഏപ്രിൽ 26-ന് 35 പേരുടെ ഇന്റർവ്യൂവും പൂർത്തിയാക്കി. മേയ് 6-ന് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. PSC ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത ഇന്റർവ്യൂവിൽ, എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ പിന്നിലാക്കാൻ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകിയെന്നാണ് ആക്ഷേപം.
1983-ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്തിനു ശേഷം ഇതാദ്യമായാണ് DySP തസ്തികയിലേക്ക് നേരിട്ട് നിയമനം നടത്തുന്നത്. ഭാവിയിൽ പോലീസ് സേനയുടെ തലപ്പത്തെത്താൻ സാധ്യതയുള്ള തസ്തികയിലാണ് ഇത്തരം തട്ടിപ്പ് നടന്നിരിക്കുന്നത്.
PSC അഡ്വൈസ് മെമ്മോ നൽകിയെങ്കിലും ജിതിന് ഇതുവരെ പോലീസ് ട്രെയിനിംഗിന് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, വിജ്ഞാപനം മുതൽ റാങ്ക് പട്ടിക വരെയുള്ള മുഴുവൻ നടപടികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ജിതിന്റെ പോലീസ് ട്രെയിനിംഗിനുള്ള അനുമതിയും നിയമന ഉത്തരവും തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകി.